രേഖകളില്ല; കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരായ കുറ്റപത്രം മടക്കി

ജയരാജന്‍ അടക്കം ആറുപേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്
രേഖകളില്ല; കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. ജയരാജന്‍ അടക്കം ആറുപേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് കുറ്റപത്രം മടക്കിയത്. 

കേസില്‍ 25-ാം പ്രതിയായ ജയരാജയനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ വിക്രമനുമായി ജയരാജന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി. മനോജിനെ കൊലപ്പെടുത്തിയ സംഘത്തെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ജയരാജനാണ്. കൊലപാതകത്തിലൂടെ കണ്ണൂരിനെ ഭീകരാന്തരീക്ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം എത്തിയപ്പോള്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച് വഴി തിരിച്ച് വിടാനാണ് ജയരാജന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. 

കൊലപാതകത്തിന് കൂട്ടുനിന്നതിനും, ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമെ, യുഎപിഎ വകുപ്പ് പ്രകാരമുള്ള ആസൂത്രണം, സംഘം ചേരല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മനോജ് ജയരാജനെ വെട്ടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഇതിന് പകരം വീട്ടുന്നതിനായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com