33 മത്സ്യതൊഴിലാളികളെ കണ്ടെത്തി;  കേരള തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് ജാഗ്രതാ നിര്‍ദേശം

80 കിലോമീറ്റര്‍-100 കിലോമീറ്റര്‍ വേഗത്തില്‍കാറ്റുവീശാന്‍ സാധ്യത ഉളളതിനാല്‍ തെക്കന്‍ കേരള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
33 മത്സ്യതൊഴിലാളികളെ കണ്ടെത്തി;  കേരള തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:   കേരള തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലില്‍ കാണാതായ മത്സ്യതൊഴിലാളികളില്‍ 33 പേര്‍ മടങ്ങിയെത്തി. ഇവരെ കണ്ടെത്തിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സ്ഥിരീകരിച്ചു. ഇരുപതോളം ബോട്ടുകളിലായി ഉണ്ടായിരുന്ന മത്സ്യ തൊഴിലാളികളെയാണ് കണ്ടെത്തിയത്. വ്യോമസേനയുടെ നിരീക്ഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഈ ദിശയിലേയ്ക്ക് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ തിരിച്ചിട്ടുണ്ട്. കാണാതായ മറ്റുമത്സ്യ തൊഴിലാളികളെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ നടപടികള്‍ തുടരുകയാണ്. നാവികസേനയും വ്യോമസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. 

ഇതിനിടെ ലക്ഷദീപ് ലക്ഷ്യമാക്കി നീങ്ങിയ ഓഖ ചുഴലിക്കാറ്റിന്റെ പ്രകമ്പനമെന്നോണം ലക്ഷദ്വീപ് തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഇതിനിടെ 80 കിലോമീറ്റര്‍-100 കിലോമീറ്റര്‍ വേഗത്തില്‍കാറ്റുവീശാന്‍ സാധ്യത ഉളളതിനാല്‍ തെക്കന്‍ കേരള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.   കൊല്ലം, തിരുവനന്തപുരം തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. കടലില്‍ പോകരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.കേരളത്തിന്റെ മധ്യമേഖലയിലും കനത്ത മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 127.9 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെളളത്തിന്റെ അളവില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

കേരളത്തില്‍ ഇന്നലെ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും ഇതുവരെ നാലുപേരാണ് മരിച്ചത്. കനത്ത നാശനഷ്ടമാണ് തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഉണ്ടായത്. മരങ്ങള്‍ കടപുഴകിയും , വൈദ്യൂതി ലൈനുകള്‍ പൊട്ടിവീണും മണിക്കൂറുകളോളം വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കണക്കെടുപ്പ് പൂര്‍ത്തിയായാലെ നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാകുകയുളളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com