അന്ന് റിയാസിനൊപ്പം പോകണമെന്ന് അക്ഷര പറഞ്ഞു, ഇപ്പോള്‍ ഐഎസിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന്; അന്വേഷിക്കാമെന്ന് എന്‍ഐഎ

അന്ന് റിയാസിനൊപ്പം പോകണമെന്ന് അക്ഷര പറഞ്ഞു, ഇപ്പോള്‍ ഐഎസിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന്; അന്വേഷിക്കാമെന്ന് എന്‍ഐഎ

പ്രണയം അഭിനയിച്ച് തന്നെ വിവാഹം കഴിച്ച് ഐഎസിന് കൈമാറാന്‍ നടത്തിയ ശ്രമം എന്‍ഐഎ അന്വേഷിക്കണമെന്നാണ് അക്ഷരയുടെ ആവശ്യം

കൊച്ചി: ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നു എന്നും, ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്ന പത്തനംതിട്ട റാന്നി സ്വദേശി അക്ഷരയുടെ പരാതി അന്വേഷിക്കാന്‍ തയ്യാറാണെന്ന് എന്‍ഐഎ. ന്യൂമാഹി പെരിങ്ങാടി സ്വദേശി മുഹമ്മദ് റിയാസിനെതിരെ അക്ഷര ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.

ഭര്‍ത്താവായ റിയാസിനൊപ്പം പോവാനാണ് ആഗ്രഹമെന്നായിരുന്നു 2017 ജനുവരിയില്‍ ഹൈക്കോടതിയില്‍ അക്ഷര നിലപാടെടുത്തത്. റിയാസിനൊപ്പം പോകാന്‍ ഹൈക്കോടതി അക്ഷരയെ അനുവദിക്കുകയും ചെയ്തു. പിതാവിന്റെ തടങ്കലിലാണ് അക്ഷര എന്ന് കാണിച്ച്  റിയാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോഴായിരുന്നു, റിയാസിനൊപ്പമാണ് തനിക്ക് പോവേണ്ടതെന്ന് അക്ഷര വ്യക്തമാക്കിയത്. 

എന്നാലിപ്പോള്‍, പ്രണയത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ മതംമാറ്റി വിവാഹം കഴിക്കുകയായിരുന്നു എന്നാണ് അക്ഷര ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. പ്രണയം അഭിനയിച്ച് തന്നെ വിവാഹം കഴിച്ച് ഐഎസിന് കൈമാറാന്‍ നടത്തിയ ശ്രമം എന്‍ഐഎ അന്വേഷിക്കണമെന്നാണ് അക്ഷരയുടെ ആവശ്യം. 

ബംഗളൂരുവില്‍ ആനിമേഷന്‍ കോഴ്‌സിന് പഠിക്കുമ്പോഴായിരുന്നു റിയാസിനെ പരിചയപ്പെടുന്നത്. മതം മാറിയ അക്ഷര അയിഷ എന്ന പേര് സ്വീകരിച്ചു. വ്യാജ രേഖയുണ്ടാക്കി ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് റിയാസ് 2016 മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്തത്. തനിക്ക് പാസ്‌പോര്‍ട്ട് എടുത്തതിന് ശേഷം സൗദിയിലേക്കും, സിറിയയിലേക്കും തന്നെ കടത്താനുള്ള ശ്രമം നടത്തി. ഐഎസിനെ പിന്തുണയ്ക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു എന്നും ഹര്‍ജിയില്‍ അക്ഷര പറയുന്നു. 

പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിച്ചു, സക്കീര്‍ നയിക്കിന്റെ മത പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്തു. സിറിയയിലേക്ക് തന്നെ കടത്താനാണ് റിയാസിന്റെ ലക്ഷ്യമെന്ന് വ്യക്തമായതോടെ ഭയന്നാണ് 2016 ഒക്ടോബര്‍ 15ന് ബംഗളൂരുവില്‍ നിന്നും അഹമ്മദാബാദിലേക്ക് എത്തിയതെന്നും അക്ഷര പറഞ്ഞു. 

റിയാസിനൊപ്പം പോകാന്‍ ഹൈക്കോടതി വിധി വന്നതിന് ശേഷം താന്‍ റിയാസിന്റെ വീട്ടുകാരുടെ തടങ്കലിലായിരുന്നു. മാതാപിതാക്കളെ ഫോണില്‍ വിളിക്കാന്‍ കൂടി അവര്‍ അനുവദിച്ചിരുന്നില്ല. ജിദ്ദയിലേക്ക് തന്നെ കൊണ്ടുപോകാന്‍ ശ്രമം വന്നപ്പോള്‍ താനത് ശക്തമായി എതിര്‍ത്തു. അതിന്റെ പേരില്‍ മാനസീകമായും, ശാരീരികമായും അവര്‍ തന്നെ ഉപദ്രവിച്ചു. 

ഇതുമായി ബന്ധപ്പെട്ട് അക്ഷര പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും അക്ഷര ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കണ്ണൂര്‍,  പത്തനംതിട്ട, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദേശിച്ചതായി പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് അഡീഷണല്‍ ഐജി ജി.ശ്രീധരന്‍ ഹൈക്കോടതിയെ അറിയിച്ചു. 

കേരളത്തിലെ റിയാസിന്റെ വിലാസമായ പെരിങ്ങണ്ടിയിലെ താമസം അവസാനിപ്പിച്ചിട്ട് പത്ത് വര്‍ഷത്തില്‍ കൂടുതലായതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com