ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുന്നു ; കടലില്‍ കുടുങ്ങിപ്പോയ 150 ഓളം പേരെ രക്ഷപ്പെടുത്തി

ജപ്പാന്‍ കപ്പല്‍ 60 ഓളം പേരെ രക്ഷപ്പെടുത്തി. കാറ്റിന്റെ ശക്തി 110 കിലോമീറ്റര്‍ വരെയായി വര്‍ധിക്കുമെന്ന് അധികൃതര്‍ 
ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുന്നു ; കടലില്‍ കുടുങ്ങിപ്പോയ 150 ഓളം പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : കടലില്‍ ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നു. കാറ്റിന്റെ ശക്തി 110 കിലോമീറ്റര്‍ വരെയായി വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലക്ഷദ്വീപില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ മല്‍സ്യതൊഴിലാളികളില്‍ 150 ഓളം പേരെ രക്ഷപ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അറിയിച്ചു. 

നേവി 21 പേരെ രക്ഷപ്പെടുത്തി. ഇവരെ തീരത്തെത്തിച്ചു.  ജപ്പാന്‍ കപ്പല്‍ 60 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെയുമായുള്ള കപ്പല്‍ വൈകീട്ടോടെ വിഴിഞ്ഞം തീരത്തെത്തുമെന്ന് കളക്ടര്‍ അറിയിച്ചു. കടലില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഭൂരിപക്ഷം പേരെയും രക്ഷിക്കാന്‍ കഴിഞ്ഞു. ഇനി 20 മുതല്‍ 40 വരെ പേര്‍ മാത്രമാണ് കടലില്‍ ഉള്ളതെന്നാണ് കളക്ടര്‍ അഭിപ്രായപ്പെട്ടത്. അതേസമയം രക്ഷപ്പെടുത്തിയവര്‍ ഏതുപ്രദേശത്തുകാരാണെന്ന് വ്യക്തമായിട്ടില്ല. പലരും തീര്‍ത്തും അവശനിലയിലായതിനാല്‍ പിന്നീട് ഇവരുടെ സ്വദേശം അടക്കം പിന്നീട് മനസ്സിലാക്കാനാണ് അധികൃതരുടെ നീക്കം. 

ഹെലികോപ്ടറില്‍ ഉച്ചയോടെ കരയിലെത്തിച്ച അഞ്ചുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. ശേഷിക്കുന്ന രണ്ടുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. രാവിലെ കരയിലെത്തിച്ച ഒരാള്‍ മരിച്ചിരുന്നു.  ഹെലികോപ്റ്ററില്‍ കരയിലെത്തിച്ച ഇയാള്‍ക്ക് 60 വയസ്സോളം പ്രായം വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കരയിലെത്തിക്കുന്നവര്‍ക്ക് ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് പൂന്തുറയില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധസമരം അവസാനിപ്പിച്ചു. കളക്ടറും ഡിജിപിയും അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com