'ഞാന്‍ ഇവിടെ ഹാപ്പിയാണ്' ;  ഹാദിയ അശോകനോടു പറഞ്ഞു

'ഞാന്‍ ഇവിടെ ഹാപ്പിയാണ്, കോളജിലും ഹോസ്റ്റലിലും. ഇവിടെ എല്ലാവരും എന്നെ വേണ്ടപോലെ നോക്കുന്നുണ്ട്.
'ഞാന്‍ ഇവിടെ ഹാപ്പിയാണ്' ;  ഹാദിയ അശോകനോടു പറഞ്ഞു

സേലം: 'ഞാന്‍ ഇവിടെ ഹാപ്പിയാണ്, കോളജിലും ഹോസ്റ്റലിലും. ഇവിടെ എല്ലാവരും എന്നെ വേണ്ടപോലെ നോക്കുന്നുണ്ട്.' ഹാദിയ അച്ഛനോടും അമ്മയോടും പറഞ്ഞു. വ്യാഴാഴ്ച കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്റെ മൊബൈല്‍ ഫോണില്‍നിന്ന് വിളിച്ചാണ് ഹാദിയ എന്ന അഖില മാതാപിതാക്കളോട് വിശേഷം പങ്കുവച്ചത്. ബുധനാഴ്ച ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടും ഹാദിയ സംസാരിച്ചിരുന്നു.

ഹാദിയയുടെ പക്കല്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ല. ഹോസ്റ്റലിലെയും കോളജിലും ഫോണ്‍ ഹാദിയയ്ക്ക് ഉപയോഗിക്കാമെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്റെ ഫോണില്‍നിന്നാണ് വ്യാഴാഴ്ച ഹാദിയ അച്ഛന്‍ അശോകനുമായും അമ്മ പൊന്നമ്മയുമായും സംസാരിച്ചത്. ഇവിടെ കുഴപ്പമൊന്നുമില്ലെന്നും പഠനം പൂര്‍ത്തിയാക്കാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും ഹാദിയ മാതാപിതാക്കളോടു പറഞ്ഞു. മലയാളത്തിലാണ് അവര്‍ സംസാരിച്ചതെന്നും സംസാരം ഊഷ്മളമാണെന്നാണു തനിക്കു തോന്നിയതെന്നും ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. 

പ്രത്യേക വാഹനത്തിലാണ് ഹാദിയയെ ഹോസ്റ്റലില്‍നിന്ന് കോളജില്‍ എത്തിക്കുന്നത്. യാത്രയില്‍ പൊലീസുകാരുടെ അകമ്പടിയുണ്ട്. ഹാദിയയുടെ പുനപ്രവേശനം സംബന്ധിച്ച് ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കോളജില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്കു കോളജ് അധികൃതര്‍ അറിയിപ്പുനല്‍കിയിട്ടുണ്ട്. ഇതിനുള്ള മറപടി വന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഹൗസ് സര്‍ജന്‍സി തുടങ്ങാനാവൂ. എന്നാല്‍ ഹാദിയയെ ഒറ്റയ്ക്കു കോളജില്‍ നിര്‍ത്താന്‍ മാനേജ്‌മെന്റ് താതപര്യപ്പെടാത്തതുകൊണ്ടാണ്, കോളജിലേക്കു കൊണ്ടുവരുന്നത് എന്നാണ് സൂചന.

ബുധനാഴ്ച കോളജില്‍വച്ച് ഹാദിയയ്ക്കു മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിനെതിരെ പിതാവ് അശോകന്‍ രംഗത്തുവന്നിട്ടുണ്ട്. മകളുടെ പഠനം പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതി കോളജിലേക്ക് അയച്ചത്. അതു തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അശോകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com