'പളനി സിപിഐയില്‍ പോയെങ്കില്‍ അവര്‍ അനുഭവിച്ചോളും' : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി 

നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ച ആളാണ് പളനി. അദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍
'പളനി സിപിഐയില്‍ പോയെങ്കില്‍ അവര്‍ അനുഭവിച്ചോളും' : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി 

ആലപ്പുഴ: സിപിഎമ്മിലെ ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ടി കെ പളനി പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേരുന്നു. സിപിഎമ്മിലെ വിഭാഗീയതയിലും വ്യക്തിപൂജയിലും മനംമടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് ടി കെ പളനി പറഞ്ഞു. അതേസമയം പളനി സിപിഐയില്‍ പോയെങ്കില്‍ അത് അവര്‍ അനുഭവിച്ചോളുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതികരിച്ചു. അതിന്റെ ഗുണദോഷ വശങ്ങള്‍ ആ പാര്‍ട്ടി അനുഭവിക്കും. നിലവില്‍ പളനി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. കാലങ്ങളായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി നടക്കുകയായിരുന്നു. നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ച ആളാണ് പളനി. അദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. 

രണ്ടു പതിറ്റാണ്ടോളമായി വിഎസ് പക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി കെ പളനി. നീണ്ട കാലം പിണറായി പക്ഷത്തിന് പ്രിയങ്കരനായിരുന്ന പളനിയെ പിന്നീട് പിണറായി പക്ഷവും കൈവിട്ടു. അടുത്ത കാലത്ത് തോമസ് ഐസക് പക്ഷത്തായിരുന്നു അദ്ദേഹം. മുഹമ്മയിലെ പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി പളനി രംഗത്തെത്തിയത് വിവാദമായിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെയും പളനി വിമര്‍ശനം ഉന്നയിച്ചു. പളനിയുടെ ആരോപണത്തെ പാര്‍ട്ടി പിന്നീട് തിരുത്തുകയായിരുന്നു. 

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദന്‍ തോറ്റതോടെയാണ് പളനി ശ്രദ്ധേയനാകുന്നത്. വിഎസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോള്‍ അന്ന് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പളനിക്കും അന്തരിച്ച സി.കെ. ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാല്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.ജെ. ഫ്രാന്‍സിസിനോട് അപ്രതീക്ഷിതമായി 1,965 വോട്ടുകള്‍ക്ക് തോറ്റു. തോല്‍വിയില്‍ പളനിക്കു പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നു. 

ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനി പാര്‍ട്ടി നടപടിക്കു വിധേയനായി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴത്തി. പിന്നീട് സിപിഎം നേതാവ് സി എസ് സുജാതയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വീഴ്ചയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പത്തുവര്‍ഷത്തോളം പാര്‍ട്ടിക്കു പുറത്തു നിന്ന പളനി ഏതാനും വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായെന്നാണ് പളനിയുടെ ആരോപണം. ആശ്രിതത്വമാണ് സിപിഎമ്മിന് വേണ്ടത്. അതിന് നില്‍ക്കാത്തവര്‍ക്ക് അവഗണനയാണ്. തന്നെപ്പോലെ ഒട്ടേറെപ്പേര്‍ സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തരാണെന്നും പളനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പളനിയുടെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com