മുന്നറിയിപ്പ് ലഭിക്കാന്‍ വൈകി , വള്ളങ്ങളിലുള്ളവര്‍ കപ്പലിലേക്ക് വരാന്‍ കൂട്ടാക്കാത്തത് തടസ്സമെന്ന് മുഖ്യമന്ത്രി

കടലിലുള്ളവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും വിനിയോഗിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നടപടികളില്‍ എല്ലാവരും വിശ്വാസം അര്‍പ്പിക്കണം
മുന്നറിയിപ്പ് ലഭിക്കാന്‍ വൈകി , വള്ളങ്ങളിലുള്ളവര്‍ കപ്പലിലേക്ക് വരാന്‍ കൂട്ടാക്കാത്തത് തടസ്സമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിനായി ഏഴ് കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്. മര്‍ച്ചന്റ് നേവിയോടും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കണമെന്ന്, ഷിപ്പിംഗ് ഡയറക്ടറെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രിയെ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ എയര്‍ക്രാഫ്റ്റ് അയക്കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളും  ഡോണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാന്‍ കഴിയാത്തത് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേവി ഇതിനകം പത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലിലുള്ള 33 ഓളം വള്ളങ്ങളിലുള്ളവര്‍ കപ്പലിലേക്ക് വരാന്‍ കൂട്ടാക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കപ്പലിലേക്ക് വരില്ലെന്നും, തങ്ങളുടെ വള്ളങ്ങള്‍ സഹിതം കെട്ടിവലിച്ചു കൊണ്ടുപോകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയും ഇത്രയും വള്ളങ്ങല്‍ ഒരുമിച്ച് കെട്ടിവലിച്ചുകൊണ്ടുവരുന്നതും പ്രായോഗികമല്ല. ഇക്കാര്യ അവരെ ബോധ്യപ്പെടുത്തി കപ്പലിലെത്തിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കപ്പലിലേക്ക് വരുന്നില്ല. പകരം വെള്ളവും ഭക്ഷണവും എത്തിച്ചു തന്നാല്‍ മതിയെന്നാണ് വള്ളങ്ങളിലുള്ള പലരും ആവശ്യപ്പെടുന്നത്.  ഇവര്‍ക്ക് ഭക്ഷണം എത്തിക്കാനും ശ്രദ്ധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കടലിലുള്ള ബന്ധുക്കളെ രക്ഷപ്പെടുത്തുന്നതിനായി ആരും സ്വയമേല രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും മുഖ്യമന്ത്രി അ്ഭ്യര്‍ത്ഥിച്ചു. 

കടല്‍ പ്രക്ഷുബ്ധമാണ്.  കടലിലുള്ളവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും വിനിയോഗിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നടപടികളില്‍ എല്ലാവരും വിശ്വാസം അര്‍പ്പിക്കണം. കഴിഞ്ഞ ദിവസം കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ പോയവരെ രക്ഷിക്കാന്‍ പോകേണ്ടി വന്നു. ഇത്തരം അവസ്ഥ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. അപ്പോള്‍ തന്നെ അടിയന്തരപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com