കുമ്മനാനയ്ക്ക് വെല്ലുവിളിയായി കണ്ണന്താന; ഒടുവില്‍ തലയൂരി കൊച്ചി മെട്രോ

ഒരു വ്യക്തിയെ അപമാനിക്കുന്നതോ, വേദനിപ്പിക്കുന്നതോ ആയ ഒന്നിനേയും പ്രോത്സാഹിപ്പിക്കില്ല
കുമ്മനാനയ്ക്ക് വെല്ലുവിളിയായി കണ്ണന്താന; ഒടുവില്‍ തലയൂരി കൊച്ചി മെട്രോ

ഭാഗ്യചിഹ്നമായ കുട്ടിയാനയ്ക്ക് പേര് ചോദിച്ച് കുടുങ്ങുകയായിരുന്നു കൊച്ചി മെട്രോ. ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന പേര് തെരഞ്ഞെടുക്കുമെന്നായിരുന്നു മെട്രോ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കുമ്മനാനയും പിന്നാലെ കണ്ണന്താനയും ശക്തമായി മുന്നോട്ടു വന്നതോടെ കുഴങ്ങിയിരിക്കുകയാണ് കൊച്ചി മെട്രോ. ഒടുവില്‍ കുമ്മനാനയോടും കണ്ണന്താനയോടുമുള്ള മലയാളികളുടെ സ്‌നേഹം കണ്ടതോടെ കൊച്ചി മെട്രോ നിലപാട് മാറ്റി.

നേരത്തെ കുമ്മനാനയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചിരുന്നത്. കുമ്മനാനയ്ക്ക് ശക്തമായ എതിരാളിയായി പിന്നെ കണ്ണന്താനയും മുന്നോട്ടു വരികയായിരുന്നു.

ഒരു വ്യക്തിയെ അപമാനിക്കുന്നതോ, വേദനിപ്പിക്കുന്നതോ ആയ ഒന്നിനേയും പ്രോത്സാഹിപ്പിക്കില്ലെന്നും, സെലക്ഷനായി പരിഗണിക്കുകയില്ലെന്നുമാണ് കൊച്ചി മെട്രോ അധികൃതര്‍ ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 

കുട്ടിയാനയ്ക്ക് പേര് ആരാഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്താണ് കുമ്മനാനയെ സ്വീകരിക്കില്ലെന്ന വ്യക്തമായ സൂചന കൊച്ചി മെട്രോ നല്‍കുന്നത്.

കൊച്ചി മെട്രോ വാഗ്ദാനം ചെയ്തത് പോലെ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന പേരിനെ തെരഞ്ഞെടുക്കാന്‍ തയ്യാറാവണം, കൊച്ചി മെട്രോ വാക്ക് പാലിക്കണം എന്നീ കമന്റുകളായിരുന്നു കുമ്മനാനയ്ക്ക് താഴെ നിരന്നിരുന്നത്. എന്നാല്‍ മലയാളികളുടെ കുമ്മനാനയോടുള്ള സ്‌നേഹം കൊച്ചി മെട്രോ പാടേ തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com