മഞ്ജു വാര്യരുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചു: കേസ് സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നമാക്കാന്‍ ശ്രമം: പൊലീസ്

നടിയെ ഉപദ്രവിക്കാന്‍ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതില്‍ കൊച്ചിയിലെ ഒരു വനിതയ്ക്കു പങ്കുണ്ടെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍
മഞ്ജു വാര്യരുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചു: കേസ് സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നമാക്കാന്‍ ശ്രമം: പൊലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ മറവില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു വനിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ദിലീപ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മഞ്ജുവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

നടിയെ ഉപദ്രവിക്കാന്‍ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതില്‍ കൊച്ചിയിലെ ഒരു വനിതയ്ക്കു പങ്കുണ്ടെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതിനു പിന്നില്‍ ആസൂത്രിതമായി ശ്രമം നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെ സ്ത്രീകള്‍ തമ്മിലുള്ള ഒരു പ്രശ്‌നം എന്നതിലേക്കു ചുരുക്കിക്കൊണ്ടുവരാനായിരുന്നു ശ്രമം. മഞ്ജുവാര്യരാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചതെന്നും മഞ്ജുവും കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും ദീലീപ് ജാമ്യാപേക്ഷാ വേളയില്‍ വാദം ഉന്നയിച്ചിരുന്നു. നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ കുടുക്കിയതിനു പിന്നിലുണ്ട് എന്നായിരുന്നു വാദം. മഞ്ജുവിന്റെ പ്രതിച്ഛായ തകര്‍ക്കാനും അതുവഴി അന്വേഷണത്തെ വഴിതിരിച്ചുവിടാനും ദിലീപ് നടത്തിയ ശ്രമങ്ങളാണ് ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കേസില്‍ തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണത്തെ സ്വാധീനിക്കാന്‍ ദീലീപ് ശ്രമിച്ചതായി പൊലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിശദമായ വാദം കേള്‍ക്കലിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കേസ് ഈ മാസം എട്ടിലേക്കു മാറ്റിയിരിക്കുകയാണ്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കി ഉള്‍പ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com