ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം.
ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

തിരുവനന്തപുരം : കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ലക്ഷദ്വീപിനെ കശക്കിയെറിഞ്ഞ ഓഖി തീരം വിട്ടതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്നലെ എട്ടുപേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. അതേസമയം കടലില്‍ പോയ 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 120 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. 

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി തിരുവനന്തപുരത്ത് നിന്നുള്ള മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം. പൂന്തുറ, വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്നുള്ളവരാകും കടലില്‍ തിരച്ചിലിന് പോകുക. ഇവര്‍ക്കൊപ്പം നേവിയും കോസ്റ്റ് ഗാര്‍ഡും അടക്കമുള്ളവരും ഇന്നും തിരച്ചില്‍ തുടരും. കടല്‍ ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ കേരളത്തില്‍ നിന്ന് കടലില്‍ മല്‍സ്യബന്ധനത്തിന് പോയ 66 ബോട്ടുകള്‍ ഉള്‍പ്പെടെ 68 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 952 പേരും സുരക്ഷിതരാണെന്ന് ഫട്‌നാവിസ് അറിയിച്ചു. ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിന്  പോയതാണ് 66 ബോട്ടുകളും എന്നാണ് വിലയിരുത്തല്‍. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഫട്‌നാവിസ് അറിയിച്ചു. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്ര മാരിടൈം ഡിപ്പാര്‍ട്ട്‌മെന്റും സൈനിക വിഭാഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി തീരത്ത് അടുപ്പിച്ചത്. 

കേരളത്തെ ദുരിതത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള നിവേദനം തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. കെഎം എബ്രാഹാമിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്്ക്ക് കത്തയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com