മന്ത്രിമാരെ കൂകിവിളിച്ച് ജനം; മേഴ്‌സിക്കുട്ടിയമ്മയെ തടഞ്ഞു; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലന്ന് നാട്ടുകാര്‍   

ചുഴലിക്കാറ്റ് ബാധിച്ച മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ തീരദേശവാസികളുടെ  പ്രതിഷേധം
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ബാധിച്ച മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ തീരദേശവാസികളുടെ  പ്രതിഷേധം. മന്ത്രിമാര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടാണ് വിഴിഞ്ഞത്ത് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരികെ പോകേണ്ടി വന്നു. കടകംപള്ളി സുരേന്ദ്രന്‍ ബിഷപ്പിനൊപ്പം പോയതിനാല്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനായി. 

മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലായിരുന്നുവെന്നുമായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം. തിരുവനന്തപുരത്ത് കാണാതായവരുടെ കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു. നാവിക, വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടത്തുന്ന തിരച്ചിലിലിലും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. കടല്‍പരിചയമുള്ള തങ്ങളെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു അവരുടെ ആവശ്യം.  ഇത് കൂട്ടാക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായിരുന്നില്ല. അതേ സമയം രക്ഷാപ്രവര്‍ത്തനത്തനായി 55 ഓളം വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

തെരച്ചിലിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുവരെ 15 പേരാണ് മരണപ്പെട്ടത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ 0471 2730045, 2730064. തിരുവനന്തപുരം കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com