മഹാരാജാസിന്റെ പിരിയന്‍ ഗോവണികളും സമരമരവും സാക്ഷി; അമര്‍നാഥിനും സഫ്‌നയ്ക്കും പ്രണയസാഫല്യം

ഇന്നലെയാണ് മഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇരുവരും തങ്ങളെ പരസ്പരം ചേര്‍ത്തുവെച്ച കലാലയത്തില്‍ വെച്ച് വിവാഹിതരായത്
മഹാരാജാസിന്റെ പിരിയന്‍ ഗോവണികളും സമരമരവും സാക്ഷി; അമര്‍നാഥിനും സഫ്‌നയ്ക്കും പ്രണയസാഫല്യം

കൊച്ചി: അറിവ് പകരുന്ന കലാലയങ്ങളാണ് ഏറ്റവും മഹത്തായ ആരാധനാലയങ്ങള്‍. പരസ്പരം ഒന്നു ചേരാന്‍ ഇതിലും മഹത്തരമായ സ്ഥലമില്ല. മഹാരാജാസിന്റെ പിരിയന്‍ ഗോവണികളേയും സമരമരത്തേയും സാക്ഷിയാക്കി വിവാഹിതരായ സഫ്‌നയും അമര്‍നാഥും ലോകത്തോട് വിളിച്ചുപറയുന്നത് ഇത് തന്നെയാണ്. ഇന്നലെയാണ് മഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇരുവരും തങ്ങളെ പരസ്പരം ചേര്‍ത്തുവെച്ച കലാലയത്തില്‍ വെച്ച് വിവാഹിതരായത്. ജാതിയേക്കാളും മതത്തേക്കാളും അറിവാണ് വലുതെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാജാസിന്റെ ചുണക്കുട്ടികള്‍. 

ഇന്നലെ രാവിലെ 8.30 നാണ് മതത്തിന്റെ വേലിക്കേട്ടുകള്‍ തകര്‍ത്ത് ഇരുവരും ഒന്നായത്. മലയാളം വകുപ്പിനു മുന്‍പില്‍ നക്ഷത്രക്കുളവും സമരമരവും ശശിമരവുമെല്ലാം സംഗമിക്കുന്നിടത്തായിരുന്നു താലിചാര്‍ത്ത്. ക്ഷേത്രത്തേക്കാളും പള്ളിയേക്കാളും ഹോളുകളേക്കാളും പവിത്രതയുണ്ട് കലാലയത്തിനെന്നും അതുകൊണ്ടാണ് കൊളെജില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് വധൂവരന്‍മാര്‍ വ്യക്തമാക്കി. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. 

ചോറ്റാനിക്കര സ്വദേശിയായ അമര്‍നാഥും ഫോര്‍ട്ടുകൊച്ചിക്കാരിയായ സഫ്‌നയും സഹാരാജാസിലെ ബിരുദ പഠനകാലത്താണ് പരിചയത്തിലാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനാണ് കോളെജ് നടയില്‍ പൂവണിഞ്ഞത്. താലിപോലുമില്ലാതെ വളരെ ലളിതമാക്കി വിവാഹം നടത്താനായിരുന്നു അമര്‍നാഥിന്റെ ആഗ്രഹം. പക്ഷേ താലി വേണമെന്നത് സഫ്‌നയുടെ മോഹമായിരുന്നു അല്ലെങ്കില്‍ അതും ഒഴിവാക്കുമായിരുന്നെന്ന് അമര്‍നാഥ് പറഞ്ഞു. 

കോളെജ് അധികൃതരുടെ അനുമതിയൊടെയാണ് ക്യാംപസിനെ കതിര്‍മണ്ഡപമാക്കിയത്. താലികെട്ടാന്‍ തെരഞ്ഞെടുത്ത സമയത്തിനു പിന്നിലും ഒരു രഹസ്യം ഒളിച്ചുവെച്ചിട്ടുണ്ട്. പത്തുപതിനൊന്നു മണിയൊക്കെയായാല്‍ വെയില്‍ കത്തിക്കിടക്കും പിന്നെ ഫോട്ടോ എടുത്താന്‍ നന്നാവില്ലെന്നാണ് നവവരന്റെ ഭാഷ്യം. ബാംഗ്ലൂരില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുകയാണ് അമര്‍നാഥ്. വിവാഹ ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് പോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com