കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്ത് ; ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

നവംബര്‍ 28,29 തീയതികളില്‍ ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് നല്‍കിയതാണെന്ന് നിര്‍മ്മല സീതാരാമന്‍
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്ത് ; ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. രാവിലെ ഏഴരയോടെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിഴിഞ്ഞം, പൂന്തുറ മേഖലകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനകളെ വിന്യസിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. 

അതേസമയം കടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ കോസ്റ്റ്ഗാര്‍ഡും നേവിയും തയ്യാറാകുന്നില്ലെന്ന് മല്‍സ്യ തൊഴിലാളികള്‍ക്ക് ആക്ഷേപമുണ്ട്. ഇക്കാര്യം അവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തു. കൂടാതെ, കൂടുതല്‍ ദൂരത്തേക്ക് തെരച്ചില്‍ വ്യാപിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടേക്കും. നവംബര്‍ 30 ന് മാത്രമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയതെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന കേന്ദ്രപ്രതിരോധമന്ത്രി തള്ളി. നവംബര്‍ 28,29 തീയതികളില്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് നല്‍കിയതാണെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. 

കന്യാകുമാരിയിലെ ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മന്ത്രി വീണ്ടും കന്യാകുമാരിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ദുരന്തബാധിത പ്രദേശമായ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com