പ്രതിഷേധം നേരിടേണ്ടിവരുമെന്ന് പൊലീസ്; കണ്ണന്താനം സന്ദര്‍ശനം മെഡിക്കല്‍ കോളജിലേക്കു മാറ്റി

ദുരിതബാധിത പ്രദേശത്ത് എത്തിയ കണ്ണന്താനത്തോടു രോഷത്തോടെയാണ് ജനങ്ങള്‍ പ്രതികരിച്ചത്
പ്രതിഷേധം നേരിടേണ്ടിവരുമെന്ന് പൊലീസ്; കണ്ണന്താനം സന്ദര്‍ശനം മെഡിക്കല്‍ കോളജിലേക്കു മാറ്റി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനിരയായി ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തിയാല്‍ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശനം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഞായറാഴ്ച ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനൊപ്പം മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകളും സന്ദര്‍ശിക്കാനായിരുന്നു കണ്ണന്താനത്തിന്റെ പദ്ധതി. ഇക്കാര്യം സുരക്ഷാ ചുമതലുയള്ള ഉദ്യോഗസ്ഥരെ കണ്ണന്താനം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണെന്നും അതുകൊണ്ട് ജനരോഷം നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് കണ്ണന്താനം സന്ദര്‍ശനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ദുരിതബാധിത പ്രദേശത്ത് എത്തിയ കണ്ണന്താനത്തോടു രോഷത്തോടെയാണ് ജനങ്ങള്‍ പ്രതികരിച്ചത്. ക്ഷുഭിതരായി കേന്ദ്രമന്ത്രിയ വരവേറ്റ ജനങ്ങള്‍ സംസാരിക്കാനും അദ്ദേഹത്തെ അനുവദിച്ചില്ല. ഇതിനെത്തുടര്‍ന്ന് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ഉള്ളുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മന്ത്രി ചികിത്സയിലുള്ള മത്സ്യത്തൊഴിലാളികളുമായും ബന്ധുക്കളുമായും സംസാരിച്ചു. 

അതിനിടെ നേരത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍, കേന്ദ്ര ഏജന്‍സികളില്‍നിന്നുള്ള മുന്നറിയിപ്പു ലഭിക്കാന്‍ വൈകിയിട്ടുണ്ടെന്നു മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കിയ കണ്ണന്താനം ദുരിതബാധിത പ്രദേശങ്ങളില്‍ വച്ച് മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ മലക്കം മറിഞ്ഞു. നവംബര്‍ 30ന് ഉച്ചയോടെ മാത്രമേ ഇന്തന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസില്‍നിന്നുള്ള അറിയിപ്പു സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണന്താനം പറഞ്ഞത്. എന്നാല്‍ നവംബര്‍ 28ന് തന്നെ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നാണ് പിന്നീട് കേന്ദ്രമന്ത്രി അവകാശപ്പെട്ടത്. നേരത്തെ കണ്ണന്താനം സ്വീകരിച്ച നിലപാട് ബിജെപി കേന്ദ്രങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതു സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വന്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് മന്ത്രി മലക്കം മറിഞ്ഞത്.

അതിനിടെ സംസ്ഥാന ബിജെപി ഘടകത്തിന്റെ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു കേന്ദ്രമന്ത്രിമാര്‍ അടിയന്തരമായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കണ്ണന്താനത്തിനു പുറമേ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് കേരളവും തമിഴ്‌നാടും സന്ദര്‍ശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com