മുന്നറിയിപ്പിനെ ചൊല്ലി വിവാദം വേണ്ട ; സാങ്കേതികവിദ്യ പൂര്‍ണമായി പുരോഗമിച്ചിട്ടില്ല : കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരും. യുദ്ധക്കപ്പല്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും
മുന്നറിയിപ്പിനെ ചൊല്ലി വിവാദം വേണ്ട ; സാങ്കേതികവിദ്യ പൂര്‍ണമായി പുരോഗമിച്ചിട്ടില്ല : കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ ചൊല്ലി വിവാദം ഉണ്ടാക്കേണ്ട സമയമല്ല ഇതെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒത്തൊരുമിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂനമര്‍ദമാണെന്നായിരുന്നു അദ്യം വിവരം ലഭിച്ചത്. പിന്നീടാണ് ശക്തമായ കാറ്റാണെന്ന് മനസ്സിലായത്. കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച് കൃത്യമായ മുന്നറിയിപ്പുകള്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കിയിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ പഴിചാരേണ്ടതില്ല. സാങ്കേതിക വിദ്യ പൂര്‍ണമായി പുരോഗമിച്ചിട്ടില്ല. ബോട്ടുകളില്‍ ഒരു ചിപ്പോ തിരിച്ചറിയാന്‍ പോന്ന എന്തെങ്കിലുമോ ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു.

ബോട്ടും വലയും നഷ്ടപ്പെടുമെന്ന ഭയത്താലാണ് മല്‍സ്യതൊഴിലാളികള്‍ ഇവ ഉപേക്ഷിച്ച് പോരാന്‍ മടികാണിക്കുന്നത്. നഷ്ടമായ ബോട്ടിനും മറ്റ് ഉപകരണങ്ങള്‍ക്കും ന്യായമായ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇതിന് വേണ്ട ഇടപെടല്‍ നടത്തുമെന്നും കേന്ദ്രമന്ത്രി വിഴിഞ്ഞത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മല്‍സ്യതൊഴിലാളികള്‍ നേവി, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയവയുമായി സഹകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. 

രക്ഷാപ്രവര്‍ത്തനം ശക്തമായി നടക്കുകയാണ്. സുനാമി സമയത്ത് നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരും.
യുദ്ധക്കപ്പല്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. മറ്റ് തീരങ്ങളിലെത്തിയ മല്‍സ്യതൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിച്ചു. 

വിഴിഞ്ഞത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ദുരന്തത്തിനിരയായവരുടെ  ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന് പൂന്തുറയിലും കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തും. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്രമന്ത്രി കാണും. കന്യാകുമാരിയില്‍ നിന്ന് രാവിലെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്തെത്തിയത്. ജില്ലാ കളക്ടര്‍, നാവികസേന, തീരദേശസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അവലോകനയോഗത്തില്‍ പങ്കെടുത്തശേഷമാണ് കേന്ദ്രമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com