ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും

അന്വേഷണം വൈകുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേയെന്ന് കോടതി

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതു തിരുത്തിയാണ് കേന്ദ്ര സര്‍ക്കരിനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയില്‍ നിലപാടു വ്യക്തമാക്കിയത്. 

ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കേസില്‍ സം്സ്ഥാന പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും അതു പര്യാപ്തമാണെന്നുമുള്ള നിലപാടാണ് തുടക്കത്തില്‍ സിബിഐ സ്വീകരിച്ചത്. സിബിഐ ജോയിന്റ് ഡയറക്ടറാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വാദമുന്നയിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയല്ല, കേന്ദ്ര സര്‍ക്കാരാണ് അഭിപ്രായം പറയേണ്ടത് എന്നായിരുന്നു സംസ്ഥാനം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് സുപ്രിം കോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞു. 

കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടു വൈകിപ്പിച്ചതിന് സിബിഐയെ കോടതി വിമര്‍ശിച്ചു. അന്വേഷണം വൈകുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേയെന്ന് കോടതി ചോദിച്ചു.

കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു. സത്യം പുറത്തുവരുമെന്നാണ് കരുതുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com