ഓഖി ചുഴലിക്കാറ്റ് : നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം ; മാനദണ്ഡങ്ങള്‍ ബാധകമാക്കാതെ സഹായം ലഭ്യമാക്കും

പാക്കേജ് നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെയും മന്ത്രിസഭ തീരുമാനിച്ചു
ഓഖി ചുഴലിക്കാറ്റ് : നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം ; മാനദണ്ഡങ്ങള്‍ ബാധകമാക്കാതെ സഹായം ലഭ്യമാക്കും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിനിരയായവര്‍ക്കായി സര്‍ക്കാരിന്റെ സമഗ്രനഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ കരട്, മന്ത്രിസഭായോഗം അംഗീകരിച്ചു. വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ പാക്കേജിലുണ്ട്. ഇവരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. മരിച്ചവരുടെ ഉറ്റവര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി. 

ദുരന്തത്തില്‍ മരിച്ചവരുടെ കുട്ടികളുടെ പഠനം ഉറപ്പാക്കും. അവര്‍ക്കാവശ്യമായ പഠനസഹായം നല്‍കും. കാണാതായ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും. റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭായോഗം ചര്‍്ച്ച ചെയ്ത് അംഗീകാരം നല്‍കുകയായിരുന്നു. ഇതോടൊപ്പം രണ്ടു വകുപ്പുകളും വെവ്വേറെ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നു. 

പാക്കേജ് നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെയും മന്ത്രിസഭ തീരുമാനിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ആകെയുണ്ടായ നഷ്ടം, കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെടേണ്ട സഹായം എന്നിവ മന്ത്രിസഭ ചര്‍ച്ച ചെയ്തു. ദുരാതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂമന്ത്രി വൈസ് ചെയര്‍മാനുമായ സമിതിയില്‍ രാഷ്ട്രീയക്കാരും ഐഎഎസ് ഉദ്യോസ്ഥരുമാണുള്ളത്. അതോറിട്ടിയില്‍ ആ രംഗത്തെ വിദഗ്ധനായ ഒരു ശാസ്ത്രജ്ഞന്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com