ഓഖി ചുഴലിക്കാറ്റ് : മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കും ; ഇനിയും കണ്ടെത്താനുള്ളത് 92 പേരെയെന്നും മുഖ്യമന്ത്രി 

ഓഖി അപ്രതീക്ഷിത ദുരന്തമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചത് നവംബര്‍ 30 ന് ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി 
ഓഖി ചുഴലിക്കാറ്റ് : മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കും ; ഇനിയും കണ്ടെത്താനുള്ളത് 92 പേരെയെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിനിരയായവര്‍ക്കുള്ള സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെ, മല്‍സ്യതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്ന് അഞ്ചുലക്ഷം രൂപ, ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ചു ലക്ഷം രൂപ എന്നിവ അടക്കമാണ് 20 ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് ആശ്വാസമെന്ന നിലയില്‍ നല്‍കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ്, ജോലി ചെയ്യാന്‍ കഴിയാതായവരുടെ കുടുംബത്തിന് ബദല്‍ ജീവനോപാധിയായി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. 

തീരദേശവാസികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ച സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അത് ഒരുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓഖിയില്‍പ്പെട്ട് ബോട്ട് , മല്‍സ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക്, ആ തൊഴിലാളികള്‍ നേരിട്ട നഷ്ടം കണക്കാക്കി ഏകദേശം തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. ധനസഹായം കാലതാമസം കൂടാതെ നല്‍കും. ഇതിനായി റവന്യൂ, ഫിഷറീസ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മരിക്കുകയോ, കാണാതാകുകയോ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. തൊഴില്‍ പരിശീലനം എന്നിവ സര്‍ക്കാര്‍ നല്‍കും. 

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശത്തെ മല്‍സ്യതൊഴിലാളികള്‍ക്ക് തൊഴിലിന് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. അവരുടെ കുടുംബത്തിന് മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 60 രൂപയും, കുട്ടികള്‍ക്ക് 45 രൂപ വീതവും ഏഴുദിവസത്തേക്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഊര്‍ജ്ജിത ര7ാപ്രവര്‍ത്തനത്തിന് സേഷവും ഏതെങ്കിലും മല്‍സ്യതൊഴിലാളിയെ കണ്ടെത്താനാകാതെ വന്നാല്‍ അവരുടെ കുടുംബത്തിനും അവരുടെ കുടുംബത്തിനും സഹായം ഉറപ്പാക്കും. ഇതിനായി ശുപാര്‍ശ ചെയ്യാനും, നിലവിലെ നിയമവ്യവസ്ഥകളില്‍ തീരുമാനമെടുക്കാനും റവന്യൂ, ആഭ്യന്തരം, ഫിഷറീസ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. നിലില്‍ കാണാതായവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കി പെട്ടെന്ന് തീരുമാനമെടുക്കുന്നതിനാണ് കമ്മിറ്റി രൂപീകരിക്കുന്നത്. 

ഭാവിയില്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മല്‍സ്യതൊഴിലാളികളുടെ മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കുന്നതിനും തിരിച്ച് കരയിലേക്കും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണിത്. മല്‍സ്യബന്ധന ബോട്ടുകളില്‍ ജിപിഎസ് ഏര്‍പ്പെടുത്തും. മൊബൈല്‍ കേന്ദ്രീകരിച്ച് കാലാവസ്ഥ സന്ദേശം കൈമാറുന്നതിന് എസ്പിആര്‍എസ് രൂപീകരിച്ചു. ഇതിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കും. മേഖലാ ഓപ്പറേഷന്‍ സെന്റര്‍ എറണാകുളത്തായിരിക്കും. ജില്ലാ തലങ്ങളിലും സെന്ററുകള്‍ ഉണ്ടാകും. ഫിഷറീസ,് പൊലീസ്, റവന്യൂ, ഫയര്‍, കേന്ദ്രസേനകള്‍ തുടങ്ങിയവയുടെ സഹായം സെന്ററില്‍ ഉണ്ടാകും. 

തീരദേശ പൊലീസില്‍ പുതുതായി റിക്രൂട്ട്‌മെന്റ് നടത്തുകയും ആധുനികമായ സജ്ജീകരണങ്ങളോടെ നവീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മല്‍സ്യതൊഴിലാളികളില്‍ നിന്ന് 200 പേരെ റിക്രൂട്ട് ചെയ്യും. മല്‍സ്യ ബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും. പ്രത്യേക തീരദേശ പൊലീസ് സംവിധാനം ആരംഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളിലെത്തിച്ചേര്‍ന്നവരെ തിരിച്ചെത്തിക്കാന്‍ ആവശ്യമായ സഹായം നല്‍കും. ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇനി കണ്ടെത്താനുള്ളത് 92 പേരെയാണെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തിരിച്ചെത്താനുണ്ടെന്ന വാര്‍ത്തകളോട്, ഇക്കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഖി അപ്രതീക്ഷിത ദുരന്തമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചത് നവംബര്‍ 30 ന് ഉച്ചയ്ക്ക് മാത്രമാണ്. അഞ്ചു മിനുട്ടിനകം ബന്ധപ്പെട്ട എല്ലാ വിഭാഗത്തിനും അറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 20 ന് ഇ-മെയിലായോ മറ്റോ ഒരു സന്ദേശവും സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ല. 30 ന് രാവിലെ കടലില്‍ ശക്തമായ ന്യൂനമര്‍ദമുള്ളതായാണ് സന്ദേശം ലഭിച്ചിരുന്നത്. മല്‍സ്യബന്ധനത്തിന് പോകുന്നവരെ വിലക്കണമെന്നത് സംബന്ധിച്ച് അറിയിപ്പ് ഉണ്ടായിരുന്നില്ല. അറിയിപ്പ് ലഭിച്ചശേഷം സംസ്ഥാന സര്‍ക്കാര്‍ ഒരു നിമിഷം പോലും പാഴാക്കിയിട്ടില്ല. 

ചുഴലിക്കാറ്റ് ദുരന്തത്തില്‍ 2600 പേരെ രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സേനകള്‍ക്ക് പുറമെ, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന തുടങ്ങിയവരെല്ലാം മികച്ച രീതിയില്‍ സഹകരിച്ചു. ഇവരോടെല്ലാം സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങള്‍ ചുഴലിക്കാറ്റ് ദുരന്തത്തില്‍ പോസിറ്റീവായ സമീപനമല്ല കൈക്കൊണ്ടത്. ഇവര്‍ ഭാവിയിലെങ്കിലും പുനര്‍വിചിന്തനം നടത്തി, നിലപാട് സ്വീകരിക്കുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com