ഞങ്ങള്‍ക്കു വിശ്വാസം കേരളത്തില്‍; സഹായം തേടി തമിഴ് മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്ത്

ഭര്‍ത്താവിനെയും മകനെയും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് അധികാരികള്‍ക്ക് മുന്നില്‍ പലതവണ പോയതായി അവര്‍ പറഞ്ഞു. എന്നാല്‍ ഒരിടത്തു നിന്നും സഹായം ലഭിച്ചില്ല
തമിഴ് മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ  കാണാനെത്തിയപ്പോള്‍
തമിഴ് മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോള്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സഹായം അഭ്യര്‍ഥിച്ച് തമിഴ്‌നാട് അധികൃതരെ പലവട്ടം കണ്ടതായും സഹായം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്നും തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരില്‍നിന്ന് മികച്ച സഹായമാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ പിണറായിയെ കാണാനെത്തിയത്.

നവംബര്‍ 28നാണ് വി. ജൂഡ്, മകന്‍ ജെ. ഭരത്, സി. രവീന്ദ്രന്‍, ജെ. ജോസഫ്, കെനിസ്റ്റണ്‍, എസ്.ജഗന്‍ എന്നിവര്‍ കടലില്‍ പോയത്. കടുത്ത കാറ്റില്‍ ബോട്ട് തകര്‍ന്നു. ജഗനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മറ്റുള്ളവര്‍ ഒഴുകിപ്പോയെന്ന വിവരമാണ് ജഗന്‍ നല്‍കിയത്. 

ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബര്‍ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ കേരളത്തിലേക്കെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡി. എന്‍. എ പരിശോധനാ ഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. 25 അംഗ സംഘമാണ് എത്തിയത്. ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. 

തമിഴ് മത്സ്യത്തൊഴിലാളികളില്‍നിന്ന് മുഖ്യമന്ത്രി നിവേദനം സ്വീകരിക്കുന്നു
 

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചു. ഡി. എന്‍. എ ഫലം ഇന്ന് ലഭ്യമാക്കി നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കാത്ത സഹായം പ്രതീക്ഷിച്ചാണ് കേരള മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് ഫാത്തിമ പറഞ്ഞു. ഫാത്തിമയ്ക്ക് ഭര്‍ത്താവ് ജൂഡിനെയും മകന്‍ ഭരതിനെയുമാണ് നഷ്ടപ്പെട്ടത്. 

ഭര്‍ത്താവിനെയും മകനെയും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് അധികാരികള്‍ക്ക് മുന്നില്‍ പലതവണ പോയതായി അവര്‍ പറഞ്ഞു. എന്നാല്‍ ഒരിടത്തു നിന്നും സഹായം ലഭിച്ചില്ല. കേരളത്തില്‍ വിശ്വാസമുണ്ട്. കേരള തീരത്ത് പലയിടത്തായി രക്ഷപെട്ടെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികള്‍ക്ക് കേരള അധികാരികള്‍ എല്ലാ സഹായവും നല്‍കിയതായി അറിഞ്ഞെന്നും അത്തരം സഹായമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ഉറ്റവരെ തേടി നിന്നവേഷത്തില്‍ വീട്ടില്‍ നിന്ന് ഓടി വരികയായിരുന്നെന്നും കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ തിരിച്ചെത്തുന്നത് കാത്ത് വീട്ടിലുണ്ടെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com