ഫോണില്‍ വിളിച്ചു എന്നു പറയുന്നവര്‍ നമ്പര്‍ പോലും ഉറപ്പാക്കിയില്ല; കേന്ദ്രത്തിന്റേത് ഗുരുതര വീഴ്ചയെന്ന് ചീഫ് സെക്രട്ടറി

ചുഴലിക്കാറ്റു വീശുന്നതിനു മുമ്പു വരെ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിയെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിട്ടില്ല
ഫോണില്‍ വിളിച്ചു എന്നു പറയുന്നവര്‍ നമ്പര്‍ പോലും ഉറപ്പാക്കിയില്ല; കേന്ദ്രത്തിന്റേത് ഗുരുതര വീഴ്ചയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അടിയന്തര സ്വഭാവമുള്ളതിനാല്‍ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചു എന്നു പറയുന്നവര്‍ ചീഫ് സെക്രട്ടറിയുടെ നമ്പര്‍ ഏതെന്നു പോലും ഉറപ്പാക്കിയിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി കെഎം എബ്രഹാം. ചുഴലിക്കാറ്റു വീശുന്നതിനു മുമ്പു വരെ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിയെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിട്ടില്ല. ഫാക്‌സ് ചെയ്തു എന്ന് അവകാശപ്പെടുന്ന കാലാവസ്ഥാ ബുള്ളറ്റിനുകള്‍ ചീഫ് സെക്രട്ടറിയുടെ നമ്പറിലേക്കല്ല എത്തിയിട്ടുള്ളതെന്നും കെഎം എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

കാലാവസ്ഥാ ബുള്ളറ്റിനുകളില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ 0471-2518006 ആണ്. ഇത് സെക്രട്ടേറിയറ്റിലെ എക്‌സ്‌ചേഞ്ച് നമ്പര്‍ ആണ്. ഇതില്‍ ഫാക്‌സ് സംവിധാനമില്ല. ചീഫ് സെക്രട്ടറിയുടെ ഫാക്‌സ് നമ്പര്‍ പോലും ഉറപ്പുവരുത്താതെയാണ് ഇത്രയും പ്രധാനപ്പെട്ട സന്ദേശങ്ങള്‍ അയച്ചത്. ഇത് അക്ഷന്തവ്യമായ അനാസ്ഥയാണ്. 30ന് പന്ത്രണ്ടു മണിക്കു പുറപ്പെടുവിച്ച ബുള്ളറ്റിന്‍ പോലും ഇമെയ്ല്‍ ആയി അയച്ചത് 12.46ന് ആണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ചുഴലിക്കാറ്റു മുന്നറിയിപ്പുകളൊന്നും നവംബര്‍ 28നും 29നും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. നാലുതരത്തിലുള്ള മുന്നറിപ്പുകള്‍ നല്‍കണമെന്നാണ് മാനദണ്ഡം. പ്രിസൈക്ലോണ്‍ വാച്ച് എന്ന പേരില്‍ 72 മണിക്കൂര്‍ മുമ്പാണ് ആദ്യ മുന്നറിയിപ്പു നല്‍കേണ്ടത്. 48 മണിക്കൂര്‍ മുമ്പ് സൈക്ലോണ്‍ അലര്‍ട്ട് നല്‍കണം. മൂ്ന്നാം ഘട്ടം സൈക്ലോണ്‍ വാണിങ് ആണ്. പന്ത്രണ്ടു മണിക്കൂര്‍ മുമ്പു നല്‍കേണ്ട പോസ്റ്റ് ലാന്‍ഡ്‌ഫോള്‍ ഔട്ട് ലുക്ക് ആണ് നാലാമത്തേത്. എന്നാല്‍ ഡീപ്പ് ഡിപ്രഷന്‍ ഉണ്ടെന്ന സന്ദേശം മാത്രമാണ് കേ്ന്ദ്ര ഏജന്‍സികള്‍ നല്‍കിയത്. ഡിപ്രഷനു പ്രത്യേക നടപടികള്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ തന്നെ നടപടിക്രമമെന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തില്‍ പറയുന്നു.

മീന്‍പിടിത്തക്കാര്‍ കടലില്‍ പോവുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന പതിവു നിര്‍ദേശം മാത്രമാണ് സമുദ്ര നീരീക്ഷണ കേന്ദ്രത്തില്‍നിന്നുണ്ടായത്. അതിനെ മുന്നറിയിപ്പായി കാണാനാവില്ല.  29ന് രാവിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ കേരളതീരത്ത് 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്ന അറിയിപ്പാണുള്ളത്. സൈക്ലോണ്‍ വാച്ച് എന്ന അറിയിപ്പ് ഇതില്‍ ഉണ്ടായിരുന്നില്ല. 30ന് എട്ടരയോടെ നല്‍കിയ ആറാം ബുള്ളറ്റിനില്‍ ലക്ഷദ്വീപിനു സൈക്ലോണ്‍ അലര്‍ട്ടു നല്‍കിയെങ്കിലും കേരളത്തെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. പന്ത്രണ്ടു മണിയോടെ നല്‍കിയ ഏഴാം ബുള്ളറ്റിനിലാണ് ചൂഴലിക്കാറ്റു മുന്നറിയിപ്പു വന്നത്. ന്യൂനമര്‍ദ പാതയുടെ അതിരുകള്‍ കേരള തീരത്ത് എത്തും എന്നു വ്യക്തമാക്കിയതും ഈ ബുള്ളറ്റിനില്‍ ആണ്. അപ്പോഴേക്കും ചുഴലിക്കറ്റ് വിതയ്‌ക്കേണ്ട നാശം വിതച്ചുകഴിഞ്ഞിരുന്നെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com