'പണ്ഡിതന്‍മാര്‍ ഒക്കെയുള്ള സദസാണ്, അതുകൊണ്ടു പുരുഷന്മാര്‍ മതി'; ഇതു നടന്നതും കേരളത്തിലാണ്

മാഡം, പുരുഷന്‍മാരെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ മതി
ഷീബാ മുംതാസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഷീബാ മുംതാസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

കോഴിക്കോട്: മതസംഘടനയുടെ യോഗത്തില്‍ ബാലനീതിയെക്കുറിച്ച് ക്ലാസെടുക്കാന്‍ നിയോഗിക്കപ്പെട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ സ്ത്രീയാണെന്ന പേരില്‍ ഒഴിവാക്കി. സമസ്തയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടു നടന്ന പരിപാടിയില്‍നിന്നാണ് ജില്ലാ ഓഫിസറായ ഷീബ മുംതാസിനെ ഒഴിവാക്കിയത്. ഷീബ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 

ജില്ലയിലെ മുഴുവന്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളേയും ബാലനീതി നിയമ പ്രകാരം സാമൂഹ്യനീതി വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ അറിയുന്നതിന് വ്യക്തികളും സംഘടനകളും ഉദ്യോഗസ്ഥരെ സമീപിക്കുന്നുണ്ട്. ഇത്തരത്തില്‍  സമസ്ത ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണില്‍ വിളിച്ചതായി ഷീബ മുംതാസ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. കോഴിക്കോട്ടുവച്ച് സംഘടനയുടെ ഒരു യോഗം നടക്കുന്നുണ്ടെന്നും അതില്‍ ബാലനീതി നിയമവും സ്ഥാപന രജിസ്‌ട്രേഷനും സംബന്ധിച്ച് ക്ലാസെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിയുന്നതും താന്‍ തന്നെവരാമെന്നും, എന്തെങ്കിലും കാരണവശാല്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓഫീസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ട മറ്റൊരാളെ അയക്കാമെന്നും അറിയിച്ചു. പിന്നീട് നേരത്തെ വിളിച്ചയാള്‍ വീണ്ടും വിളിച്ചു. ആവശ്യപ്പെട്ടത് ഇപ്രകാമായിരുന്നു.'മാഡം, പുരുഷന്‍മാരെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ മതി.' താന്‍ വരുന്നുണ്ട് എന്നു പറഞപ്പോള്‍, അത്  ബുദ്ധിമുട്ടാവില്ലേ, പണ്ഡിതന്‍മാരൊക്കെയുള്ള സദസാണ് എന്നായിരുന്നു മറുപടി. താന്‍ വന്നാല്‍ എന്താണ് പ്രശ്‌നമെന്ന് വീണ്ടും ചോദിക്കേണ്ടി വന്നു. 'അത് സ്ത്രീകളായാല്‍ പ്രശ്‌നമാണ് എന്നും ഒന്നുകൂടി കൂടിയാലോചിച്ച് വിവരം പറയാമെന്നും പറഞ്ഞ് ഫോണ്‍ വച്ചു. പിന്നെ അദ്ദേഹം വിളിച്ചില്ല. പകരം ഓഫീസില്‍ വിളിച്ച് മീറ്റിംഗിന് വരേണ്ടതില്ല എന്ന് അറിയിക്കുകയാണുണ്ടായതെന്ന് ഷീബ പറയുന്നു. 

ഒരു സ്ത്രീക്ക് കൃത്യനിര്‍വ്വഹണം സാധ്യമാകാത്ത തരത്തില്‍ ഈ നാട്ടില്‍ മത സാമുദായിക സ്വാതന്ത്രൃം ഉണ്ടാവുന്നത് ലിംഗനീതിയലധിഷ്ഠിതമായ ഭരണഘടന നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് ഭൂഷണമാണോയെന്ന് ഷീബ ചോദിക്കുന്നു. സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ആനയിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടന്ന നാടാണിത്. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മതത്തിനും സമുദായത്തിനും സാധ്യമാകുന്ന രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാകുന്നത് അപകടമല്ലേ? ഇതിനുമുപരി അസ്വസ്ഥയാക്കുന്നത് മറ്റൊന്നാണ്. ഇത്തരം കാഴ്ച്ചപ്പാടുള്ള മത സാമുദായിക സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ വളരുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും. എല്ലാ പൊതു ഇടങ്ങളില്‍ നിന്നും ഇവിടുത്തെ പെണ്‍കുട്ടികള്‍ ആട്ടിപ്പായിക്കപ്പെടില്ലേ? ഇങ്ങനെ ആട്ടിപ്പായിപ്പിക്കപ്പെടേണ്ടവരാണ് പെണ്‍കുട്ടികള്‍ എന്ന് ഇവിടുത്തെ ആണ്‍കുട്ടികളെക്കൊണ്ട് ഇവര്‍ പറയിപ്പിക്കില്ലേ? കുട്ടികളുടെ അവകാശ ലംഘനമല്ലേ ഇത്. ഇങ്ങനെ വളര്‍ന്നു വരുന്ന കുട്ടികളുടെ സാമൂഹ്യബോധം എന്തായിരിക്കും?

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പു രുപീകരിച്ച് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വകുപ്പു മന്ത്രിയും ഡയറക്ടറും സ്ത്രീകളാണ്. വകുപ്പിലെ ബഹു ഭൂരിപക്ഷം ജീവനക്കാരും സ്ത്രീകള്‍ തന്നെ. സ്ത്രീകളെ കാണാന്‍ പറ്റാത്ത, ശബ്ദം കേള്‍ക്കാന്‍ പറ്റാത്ത സമുദായ നേതാക്കള്‍ നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം ഇനി സ്ത്രീകളാണ് പരിശോധന നടത്തുകയും മേല്‍നോട്ടം നടത്തുകയും ചെയ്യുക. നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ നേതാക്കള്‍ക്കൊക്കെയും സ്ത്രീകളെ തന്നെ സമീപിക്കേണ്ടിയും വരും. ഈ പ്രതിസന്ധിയെ എങ്ങനെയാണ് പണ്ഡിതന്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍ നേരിടാന്‍ പോകുന്നത്?- ഷീബ ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com