അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്
അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കൊച്ചി: കടലില്‍ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ കരയിലേക്കുകൊണ്ടുവരാന്‍ നാവിക സേന മടിക്കുകയാണെന്ന ശശി തരൂര്‍ എംപിയുടെ ട്വീറ്റ് വിവാദത്തില്‍. കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. പൊഴിയൂരില്‍ ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്. 

കപ്പലില്‍ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള സൗകര്യമില്ലന്നു ചൂണ്ടിക്കാട്ടി കടലില്‍ ഒഴുകി നടക്കുന്ന ശവശരീരങ്ങള്‍ എടുക്കാന്‍ നേവി മടിക്കുകയാണ്. ഇക്കാര്യം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ ശ്രദ്ധയില്‍ പെടുത്തിയതായി തരൂര്‍ ട്വീറ്റില്‍ പറയുന്നു.

തരൂര്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെ മറുപടിയുമായി നേവി രംഗത്തുവന്നു. മൃതദേഹങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഇതിനകം തന്നെ കടലില്‍നിന്നു കണ്ടെടുത്ത മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചതായും നേവി പ്രതികരിച്ചു. മൃതദേഹങ്ങള്‍ എത്തിക്കുന്നതിന്, മൊബൈല്‍ മോര്‍ച്ചറികള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തുവരുന്നതായും നേവിയുടെ പ്രതികരണത്തിലുണ്ട്.

പൊഴിയൂരില്‍ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ കാര്യമാണ് താന്‍ നിര്‍മല സീതാരാമന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് തരൂര്‍ അറിയിച്ചു. നേവിയോടൊപ്പം തിരിച്ചിലിനു പോയ മത്സ്യത്തൊഴിലാളികളാണ് ഇക്കാര്യം പറഞ്ഞത്. മൃതദേഹങ്ങള്‍ കണ്ടു, എന്നാല്‍ മോര്‍ച്ചറിയില്ലെന്ന കാരണം പറഞ്ഞ് നേവി അവയെടുത്തില്ലെന്നാണ് അവര്‍ പറഞ്ഞത്. ജനപ്രതിനിധി എന്ന നിലയില്‍ ഇതു ശ്രദ്ധയില്‍ പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും തരൂര്‍ പറഞ്ഞു.

പൊഴിയൂരിലെ ഒരു വൈദികന്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാവണം തരൂരിന്റെ ട്വീറ്റെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു മൃതദേഹങ്ങള്‍ കണ്ടിടത്തുനിന്ന് ഒന്നു മാത്രം നേവി എടുക്കുന്ന വിഡിയോ ദൃശ്യം തന്റെ പക്കല്‍ ഉണ്ടെന്നാണ് ഈ വൈദികന്‍ അവകാശപ്പെട്ടത്. അഴുകിയ നിലയിലുള്ള മൃതദേഹം സൂക്ഷിക്കാനാവില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്്. വിഡിയോ പുറത്തുവിടുമെന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിഡിയോ കൈമാറാന്‍ തരൂര്‍ ആവശ്യപ്പെട്ടിട്ടും വൈദികന്‍ തയാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com