ഈ വിമര്‍ശനങ്ങളെല്ലാം പരമാബദ്ധം; ഫ്‌ളാഷ് മോബ് വിമര്‍ശനങ്ങള്‍ക്ക് എസ്എഫ്‌ഐ മറുപടി പറയുന്നു

ഈ വിമര്‍ശനങ്ങളെല്ലാം പരമാബദ്ധം; ഫ്‌ളാഷ് മോബ് വിമര്‍ശനങ്ങള്‍ക്ക് എസ്എഫ്‌ഐ മറുപടി പറയുന്നു

'ഹാദിയയ്ക്കുള്ള സ്വാതന്ത്യം ശിരോവസ്ത്രമണിഞ്ഞ് തെരുവിലിറങ്ങുന്ന പെണ്‍കുട്ടികള്‍ക്കും ഇല്ലേ ? ' : ജെയിക് സി തോമസ് 

ര്‍ഗീയത ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനോടൊന്നും സമരസപ്പെടാത്ത സമരങ്ങള്‍ എല്ലാ കാലഘട്ടങ്ങളിലും എസ്എഫ്‌ഐ നടത്തിയിട്ടുണ്ടെന്നും ഹാദിയാ വിഷയത്തില്‍ പ്രതികരിച്ചില്ല, തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി വിഷയത്തില്‍ എസ്എഫ്‌ഐ നിലപാടെടുത്തില്ല തുടങ്ങിയ വിമര്‍ശനങ്ങളൊക്കെ പരമ അബദ്ധമാണെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയിക് സി തോമസ്. മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ലാഷ് മോബിനെതിരെയുണ്ടായ വിവാദങ്ങളുടെ പശ്ചാതലത്തില്‍ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി നടത്തിയ ഫ്‌ലാഷ് മോബ് നേരിട്ട വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബ് നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍കെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച ഫ്‌ലാഷ് മോബില്‍ കേരളത്തില്‍ അരങ്ങേറുന്ന മതവര്‍ഗീയതയ്‌ക്കെതിരെ ക്യാംപസുകള്‍ അതിഗംഭീരമായി പ്രതികരിക്കുകയായിരുന്നെന്ന് ജെയിക് പറഞ്ഞു. 'മത തീവ്ര ഫത്‌വകള്‍ക്ക് മറുപടി മാനവികത'യെന്നത് 24 മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഞങ്ങള്‍ തീരുമാനിച്ച ഒന്നാണ്. അതൊരു ഫ്‌ലാഷ് മോബ് മാത്രമായിരുന്നില്ല തെരുവ് നൃത്തം, ആട്ടം, പാട്ട്, പ്രഭാഷണം, ആണ്‍പെണ്‍ സൗഹൃദകൂട്ടായ്മ അങ്ങനെ എന്തും ഉള്‍കൊള്ളിക്കാമെന്നതായിരുന്നു നല്‍കിയ നിര്‍ദ്ദേശം. ഇത്തരത്തിലൊരു ക്യാംപെയ്‌നില്‍ പങ്കെടുക്കേണ്ടത് തങ്ങളാണെന്ന വല്ലാത്തൊരു ബോധ്യം മുസ്ലീം മത വിഭാഗത്തില്‍ പെട്ട കുട്ടികളില്‍ പ്രത്യേകമായി കണ്ടു. അവരാണ് ഏറ്റവും ആവേശത്തോടെ ഇതില്‍ പങ്കെടുത്തത്. മലപ്പുറം ജില്ലയില്‍ മാത്രമല്ല തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ക്യാംപസിലും കോട്ടയം പോലെ മുസ്ലീം മതവിഭാഗത്തില്‍ പെട്ടവര്‍ അധികമില്ലാത്ത സ്ഥലങ്ങളില്‍ പോലും തെരുവ് നൃത്തത്തിലും മറ്റും പങ്കെടുക്കാനായി മുസ്ലീം പെണ്‍കുട്ടികള്‍ ധാരാളമായി വരുകയുണ്ടായി. മതവിശ്വാസികള്‍ ആയിരിക്കുമ്പോള്‍ തന്നെ സെകുലര്‍ ആണെന്ന് ബോധ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. വര്‍ഗീയതയ്ക്ക് കേരളത്തില്‍ സാധ്യതയില്ലെന്ന് ക്യാംപസുകള്‍ പ്രഖ്യാപിച്ച അനുഭവമാണ് ഇന്നലത്തേത് - ജയിക് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളോട്

ആര്‍എസ്എസ് ഈ നാട്ടില്‍ ഉയര്‍ത്തികൊണ്ടുവരുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ സമരത്തിന് എസ്എഫ്‌ഐ നേതൃത്വം നല്‍കുമ്പോള്‍ ആര്‍എസ്എസ്സിന്റെ ഉത്തമ നേതാക്കളും മതവര്‍ഗീയവാദികളും ചോദിക്കുന്നതാണ് നിങ്ങള്‍ എന്തുകൊണ്ട് മുസ്ലീം മതഭീകരതയ്‌ക്കെതിരെ ശബ്ദിക്കുന്നില്ല എന്നത്. തൊടുപുഴ ന്യൂമാന്‍ കോളെജില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അദ്ധ്യാപകനെ പുറത്താക്കിയപ്പോഴും ലൗജിഹാദിന്റെ വിഷയങ്ങള്‍ വന്നപ്പോഴും കോഴിക്കോട് ഫറൂഖ് കോളെജില്‍ ക്യാംപസിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചപ്പോഴുമൊക്കെ ശക്തമായ സമരം നടത്തിയത് എസ്എഫ്‌ഐ തന്നെയാണ്. 

ഹാദിയ വിഷയം വന്നപ്പോള്‍ എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, ഫ്രറ്റേണിറ്റി തുടങ്ങിയവരെല്ലാം ഭരണഘടനയെ കൂട്ടുപിടിച്ച് ഹാദിയയ്ക്ക് ഇഷ്ടമുള്ള മതത്തില്‍ ജീവിക്കാന്‍ അവകാശം കൊടുക്കേണ്ടെ എന്നൊരു ചോദ്യം മുന്നോട്ടുവച്ചു. അന്നും ഇന്നും ഞങ്ങള്‍ പറഞ്ഞു ഹാദിയ ആണെങ്കിലും ആതിര ആണെങ്കിലും ഇഷ്ടമുള്ള മതത്തില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും കൊടുക്കണം. 

പക്ഷെ ഈ വിഷയം ഉപയോഗിക്കുന്നത് ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയുടെ വളര്‍ച്ചയ്ക്കാണ്. അത് ആര്‍എസ്എസ്സിനും എന്‍ഡിഎഫിനും ഒരുപോലെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഭരണഘടന ഉറപ്പുകൊടുക്കുന്ന മതസ്വാതന്ത്ര്യം ഹാദിയയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഈ രണ്ട് വിഭാഗത്തിലുള്ളവരോടും ഞങ്ങള്‍ ചോദിക്കുന്നത് ഇതുമാത്രം. ഭരണഘടന ഉറപ്പുതരുന്ന സ്ത്രീപുരുഷ അനുപാദം, തുല്യമായ അവകാശങ്ങള്‍ ഇത് മുസ്ലീം മതത്തിനുള്ളില്‍ വേണം എന്ന് ആവശ്യപ്പെടാന്‍ ജമാഅത്തെ ഇസ്ലാമി
തയ്യാറുണ്ടോ? എന്‍ഡിഎഫ് തയ്യാറുണ്ടോ? പോപുലര്‍ ഫണ്ട് തയ്യാറുണ്ടോ? ഹിന്ദു മതവിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രാധാന്യം കൊടുക്കണം എന്ന് പറയാന്‍ ആര്‍എസ്എസ് തയ്യാറുണ്ടോ? ഒരിക്കലുമില്ല. ഇവര്‍ക്ക് വര്‍ഗ്ഗീയവല്‍കരിക്കാന്‍ ഒരു വിഷയം വന്നപ്പോള്‍ ഇവര്‍ വര്‍ഗ്ഗീയവല്‍കരിച്ചു എന്ന് മാത്രം. ഹാദിയയ്ക്കുള്ള സ്വാതന്ത്യം തന്നെ ശിരോവസ്ത്രമണിഞ്ഞ് തെരുവിലിറങ്ങുന്ന ഓരോ പെണ്‍കുട്ടിക്കും കൊടുക്കണമെന്ന് ഇവര്‍ പറയേണ്ടതല്ലെ. ആരെങ്കിലുമൊരാള്‍ പറഞ്ഞോ? അപ്പോള്‍ സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഇവരെല്ലാം ഒരുപോലെയാണ്.

'ഹാദിയ വിഷയത്തില്‍ എസ്എഫ്‌ഐ നിലപാടെടുത്തില്ലെന്ന വിമര്‍ശനം തീര്‍ത്തും തെറ്റ്'

ഹാദിയ വിഷയത്തില്‍ എസ്എഫ്‌ഐ നിലപാടെടുത്തില്ലെന്ന വിമര്‍ശനം തീര്‍ത്തും തെറ്റായതാണ്. ഒരു പത്രസമ്മേളനം നടത്തി ആ വിഷയം പറഞ്ഞില്ല എന്നതുകൊണ്ട് ഞങ്ങള്‍ക്ക് നിലപാടില്ലെന്നല്ല അര്‍ത്ഥം. നിലപാട് ചോദിച്ചപ്പോഴൊക്കെ വ്യക്തമായി അതേകുറിച്ച് പറഞ്ഞിട്ടുണ്ട്. ഹാദിയക്കാണെങ്കിലും ആതിരയ്ക്കാണെങ്കിലും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതം മാറാനുമുള്ള അവകാശം ഉള്ളതാണ്. ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുമ്പോള്‍ തന്നെ മതത്തിന്റെ പ്രാധാന്യം ഇത്രയൊക്കെയെ ഒള്ളു എന്നാണ് തെളിയിക്കുന്നത്. ഭരണഘടന ഉറപ്പുകൊടുക്കുന്ന അവകാശം എല്ലാകാര്യങ്ങള്‍ക്കും കൊടുക്കാന്‍ തയ്യാറാവണം എന്നാണ് ഞങ്ങള്‍ പറഞ്ഞത്. അതിന് ആര്‍ക്കെങ്കിലും നട്ടെല്ലുണ്ടോ? ഹാദിയയ്‌ക്കൊരു മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമിക്കോ എന്‍ഡിഎഫിനോ പറ്റുമോ. ആതിരയ്‌ക്കൊരു മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ ആര്‍എസ്എസ്സിന് പറ്റുമോ. ഇവരാരും പെണ്‍കുട്ടികളെ സ്വീകരിക്കില്ല. ഇവരാണ് 21-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ സ്വാതന്ത്ര്യത്തെയും
ജനാധിപത്യത്തെയും കുറിച്ച് ക്ലാസെടുക്കുന്നത്. ശിരോവസ്ത്രമണിഞ്ഞ് ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുമ്പോള്‍ അവളുടെ ശിരസ് അരിഞ്ഞുകളയുമെന്ന് ഭീഷണി മുഴക്കുന്നതും ഇതേ ആളുകള്‍ തന്നെ. കേരളത്തില്‍ നിലനില്‍ക്കുന്ന സെകുലര്‍ കള്‍ച്ചര്‍ തകര്‍ക്കാനുള്ള ശ്രമം മാത്രമാണ് ഈ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ലക്ഷ്യം. ആ താത്പര്യം ആര്‍എസ്എസ്സിനും പോപുലര്‍ ഫണ്ടിനും എന്‍ഡിഎഫിനുമെല്ലാം ഉണ്ട്. അവര്‍ ഈ വിഷയത്തെ നന്നായി മുതലെടുക്കുന്നുമുണ്ട്. ഇവര്‍ക്കുള്ള സംവാദഭൂമികയാവുകയെന്നാല്‍ ഇവരുടെ വര്‍ഗ്ഗീയാജണ്ടയുടെ വളര്‍ച്ചയ്ക്ക് കരുത്തുകൊടുക്കുന്നതുപോലെയാകും. അത് ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല- ജെയ്ക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com