പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഉത്തരവ്

രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് നിര്‍ദേശം. ഉടമസ്ഥന്‍ പൊളിച്ചില്ലെങ്കില്‍, ജില്ലാ ഭരണകൂടം തടയണ പൊളിക്കും
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഉത്തരവ്

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാന്‍ ഉത്തരവ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് നിര്‍ദേശം. ഉടമസ്ഥന്‍ പൊളിച്ചില്ലെങ്കില്‍, ജില്ലാ ഭരണകൂടം തടയണ പൊളിക്കുമെന്ന് നോട്ടീസില്‍ അറിയിച്ചു. ചെറുകിട ജലസേചന വകുപ്പിനായിരിക്കും തടയണ പൊളിക്കുന്നതിന്റെ ചുമതല. ഇതിന്റെ ചെലവ് ഉടമസ്ഥനായ പി വി അന്‍വറില്‍ നിന്നും ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ യോഗമാണ് തടയണ പൊളിക്കാന്‍ തീരുമാനിച്ചത്. വെറ്റിലപ്പാറ വില്ലേജ് ഓഫീസ് വഴി നോട്ടീസ് കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്. അന്‍വറിനും ഭാര്യപിതാവ് അബ്ദുള്‍ ലത്തീഫിനുമാണ് തടയണ പൊളിക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുക. 

അന്‍വര്‍ എംഎല്‍എയുടെ തടയണയെപ്പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ഇതേപ്പറ്റി പഠിക്കാന്‍ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം, എല്ലാ വകുപ്പുകളും അന്‍വറുടെ തടയണ നിയമം ലംഘിച്ചാണെന്ന് ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിശോധിച്ച പെരിന്തല്‍മണ്ണ ആര്‍ഡിഎ അന്‍വര്‍ എംഎല്‍എയുടെ തടയണ നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇതിന്മേലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com