വൈറ്റില മേല്‍പ്പാലം ആരുടെ ആസൂത്രണം? മുഖ്യമന്ത്രിക്ക് ഹരീഷ് വാസുദേവന്റെ തുറന്ന കത്ത്

'വൈറ്റില മേല്‍പ്പാലം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നു' എന്നാകും മലയാളമനോരമ അച്ചു നിരത്തുക.  സത്യം ആരും അന്വേഷിക്കില്ല'. 
വൈറ്റില മേല്‍പ്പാലം ആരുടെ ആസൂത്രണം? മുഖ്യമന്ത്രിക്ക് ഹരീഷ് വാസുദേവന്റെ തുറന്ന കത്ത്

കൊച്ചി : സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കുള്ള ജംഗ്ഷനാണ് വൈറ്റില. കൊച്ചി നഗരകവാടമായ ഇവിടെ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് നീളുന്നത്. ഇതിന് പരിഹാരമായി പുതിയ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം പുതിയ പാലത്തെക്കുറിച്ച് വിവിധ സംഘടനകളും പൗരസമൂഹവും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. മെട്രോ റെയിലും ദേശീയപാതയും സംസ്ഥാന പാതയും മൊബിലിറ്റി ഹബ്ബും ഒത്തുചേരുന്ന വൈറ്റിലയിലെ മേല്‍പ്പാലം ഭാവിയിലെ ഗതാഗത പ്രശ്‌നങ്ങല്‍ കൂടി കണക്കിലെടുത്തുള്ളതല്ലെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും പൗരസമൂഹവും മുന്നോട്ടുവെക്കുന്ന ആശങ്ക. 

നിലവില്‍ ദേശീയപാതയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. അതേസമയം പൗരസമൂഹവും സംഘടനകളും ഉന്നയിക്കുന്ന അശഹ്കകള്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെ  മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിലാണ് ഹരീഷ് ആശങ്കകള്‍ പങ്കുവെക്കുന്നത്. പുതിയ മേല്‍പാലം ആരാണ് ഡിസൈന്‍ ചെയ്തത്? ശരിയായ ദിശയില്‍, ശരിയായ സ്ഥലത്ത് ശാസ്ത്രീയമായ ആസൂത്രണത്തോടെ ആണോ കഴിഞ്ഞ സര്‍ക്കാര്‍ പണിയാന്‍ തീരുമാനിച്ചത് എന്ന കാര്യം പരിശോധിച്ചിട്ടാണോ ഈ സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോകുന്നത്? വാഹനങ്ങള്‍ ഒഴുകുന്ന റോഡ് മുതല്‍ മാലിന്യമൊഴുകുന്ന ഓട വരെ എവിടെ എങ്ങനെ ആയിരിക്കണം എന്നത് നഗരാസൂത്രണത്തിന്റെ ഭാഗമാണ്. അതില്ലെങ്കില്‍ നഗരം ഒരു നരകമാവുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 

വൈറ്റില മേല്‍പ്പാലം ആരുടെ ആസൂത്രണം?

പ്രിയ മുഖ്യമന്ത്രീ,

ഏഷ്യാനെറ്റ് അവാര്‍ഡ് എനിക്ക് തരുന്ന വേളയില്‍ താങ്കള്‍ എന്നെ ഉപദേശിച്ചു, പരിസ്ഥിതിസംരക്ഷണ വിഷയത്തില്‍ മാത്രമല്ല, വികസനകാര്യങ്ങളില്‍ കൂടി എനിക്ക് ഈ താല്‍പ്പര്യം ഉണ്ടാകണമെന്ന്. അങ്ങനെയൊരു താല്‍പ്പര്യം ഞാന്‍ എടുക്കുന്നു, താങ്കള്‍ ഇന്ന് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന വൈറ്റില മേല്‍പ്പാല നിര്‍മ്മാണം സംബന്ധിച്ചാണ് അത്.
കേരളത്തിലെ ഏറ്റവും തിരക്കുള്ള നാല്‍ക്കവല (ജങ്ഷന്‍) ആണ് വൈറ്റില. മെട്രോ റെയിലും ദേശീയപാതയും സംസ്ഥാന പാതയും മൊബിലിറ്റി ഹബ്ബും ഒത്തുചേരുന്ന വൈറ്റില കവലയിലെ ഭാവി ഗതാഗത സംവിധാനം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? ആരാണത് ഡിസൈന്‍ ചെയ്തത്? ഏത് നഗരാസൂത്രണ വിദഗ്ധന്റെ പ്ലാന്‍ ആണ് താങ്കള്‍ ഇന്ന് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പുതിയ മേല്‍പ്പാലത്തിനുള്ളത്? അത് ശരിയായ ദിശയില്‍, ശരിയായ സ്ഥലത്ത് ശാസ്ത്രീയമായ ആസൂത്രണത്തോടെ ആണോ കഴിഞ്ഞ സര്‍ക്കാര്‍ പണിയാന്‍ തീരുമാനിച്ചത് എന്ന കാര്യം പരിശോധിച്ചിട്ടാണോ ഈ സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോകുന്നത്? അതോ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഇനിയങ്ങോട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഈ നഗരഹൃദയത്തിലെ പ്രധാന മേല്‍പ്പാലവും അത് വഴിയുള്ള ഗതാഗത മാറ്റവും PWD യുടെ ഒരു സാധാരണ എന്‍ജിനീയര്‍ തീരുമാനിച്ചാല്‍ മതിയെന്നാണോ? നിര്‍മ്മാണത്തിലുള്ള PWD യുടെ കഴിവ് ഒട്ടും കുറച്ചു കാണുന്നില്ല, നിര്‍മ്മാണവും ആസൂത്രണവും രണ്ടാണ്. ആസൂത്രണത്തിനു ശേഷമേ നിര്‍മ്മാണം വരുന്നുള്ളൂ. ആസൂത്രണം ജണഉ യുടെ ജോലിയല്ല.
വൈറ്റില ദേശീയപാതയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഒരു മേല്‍പ്പാലം പണിയാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് യാതൊരു ആസൂത്രണവും ഇല്ലാതെയാണ്. ഇടപ്പള്ളിയിലും പാലാരിവട്ടത്തും ആശാസ്ത്രീയമായി മേല്‍പ്പാലം പണിതു ഗതാഗതം എന്നെന്നേക്കുമായി കുളമാക്കിയ അതേപോലെയാണ് വൈറ്റിലയിലും ആവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. നഗരാസൂത്രണം എന്നൊരു പണിയുണ്ട്, നഗരത്തിന്റെ ഭാവി ആവശ്യങ്ങള്‍ കണ്ടറിഞ്ഞു, ശാസ്ത്രീയമായ പഠനങ്ങളുടെ പിന്‍ബലത്തോടെ, സ്ഥലപരിമിതിയില്‍ നിന്നുകൊണ്ടു നഗരത്തെ ഡിസൈന്‍ ചെയ്യുക എന്നത് അതില്‍ പ്രധാനമാണ്. വാഹനങ്ങള്‍ ഒഴുകുന്ന റോഡ് മുതല്‍ മാലിന്യമൊഴുകുന്ന ഓട വരെ എവിടെ എങ്ങനെ ആയിരിക്കണം എന്നത് നഗരാസൂത്രണത്തിന്റെ ഭാഗമാണ്. അതില്ലെങ്കില്‍ നഗരം ഒരു നരകമാവും. ഈ പണി പ്രൊഫഷണലായി ചെയ്യാനാറിയാവുന്ന ആളുകളെ വെച്ച്, ഓരോ ഇഞ്ചും എന്തിനൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അത് ചെയ്യേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ് എന്ന് ടൗണ്‍ പ്ലാനിങ് ആക്റ്റ് പറയുന്നു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വാഹനങ്ങള്‍ സന്ധിക്കുന്നത് വൈറ്റില മുക്കില്‍ ആണ്. അവിടെ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് ദേശീയപാതയ്ക്ക് സമാന്തരമായി ഒരു മേല്‍പ്പാലം ഭാവിയില്‍ ഗതാഗതത്തിനു ഗുണത്തെക്കാള്‍ ഏറെ ദോഷമേ ചെയ്യൂ എന്ന് പറയാന്‍ നഗരാസൂത്രണ വിദഗ്ധന്‍ വേണ്ട, വൈറ്റിലയില്‍ കിടക്കുന്ന ഏത് ഓട്ടോറിക്ഷാ ഡ്രൈവറും പറയും. മേല്‍പ്പാലവും മെട്രോയും വന്നാല്‍ പിന്നീട് ഭാവിയില്‍ ഒരു മാറ്റവും പറ്റാത്തവിധം കെണിയിലാവും വൈറ്റില. എന്നിട്ടുമെങ്ങനെ ഈ പദ്ധതി ഉദ്ഘാടനം വരെയെത്തി എന്ന് അന്വേഷിച്ചാല്‍, നമ്മുടെ നാടിന്റെ വികസനം എത്ര ലാഘവത്തോടെയാണ്, എത്ര അപക്വമായാണ് തീരുമാനിക്കപ്പെടുന്നത് എന്ന് അങ്ങേയ്ക്ക് മനസിലാകും. 'മേല്‍പ്പാലം' 'മേല്‍പ്പാലം' എന്ന് അലമുറയിട്ടിരുന്ന മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല, എന്നാല്‍ ജനപ്രതിനിധികള്‍ക്ക് ആ ലാഘവബുദ്ധി ഒട്ടും പാടില്ല. ഒരു നഗരാസൂത്രണ വിദഗ്ദ്ധനും ചഒഅക ആസൂത്രണ വിഭാഗവും അംഗീകരിക്കാത്ത ഡിസൈന്‍ വെച്ച് തീരുമാനിക്കപ്പെടേണ്ടതല്ല വൈറ്റില മുക്കിന്റെ ഭാവി ഗതാഗതം.
കിറ്റ്‌കോ എന്ന സര്‍ക്കാര്‍ സ്ഥാപനം നടത്തിയ പഠനത്തില്‍, മേല്‍പ്പാലം ഇപ്പോള്‍ പ്ലാന്‍ ചെയ്തിടത്ത് നിന്ന് അല്പമൊന്ന് സ്ഥലം മാറ്റി, 2 അണ്ടര്‍ പാസുകള്‍ നല്‍കിയാല്‍ സുഗമമായ ഗതാഗതം സാധ്യമാകും എന്ന് കാണുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും മറ്റു നിരവധി സംഘടനകളും ഇത് സര്‍ക്കാരിന് മുന്നില്‍ ഒരു ബദല്‍ നിര്‍ദ്ദേശമായി വെച്ചിട്ടുണ്ട്. ഇക്കാര്യം പറയാന്‍ ബഹു പൊതുമരാമത്ത് മന്ത്രിയെ ഞാന്‍ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹത്തിനു കാര്യം മനസിലായി. 'ഈ വൈകിയ വേളയിലാണോ ഇതൊക്കെ പറയുന്നത്, ഇനി ഇത് മാറ്റാമെന്നു പറഞ്ഞാല്‍ 'വൈറ്റില മേല്‍പ്പാലം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നു' എന്നാകും മലയാളമനോരമ നാളെ അച്ചു നിരത്തുക. പിന്നെ എല്ലാവരും അത് ഏറ്റെടുക്കും.. സത്യം ആരും അന്വേഷിക്കില്ല. അതുകൊണ്ട്, മനോരമയെ വിശ്വസിക്കുന്ന ജനം സഹിച്ചോട്ടെ, ഞാനില്ല ഈ ജനത്തെ നന്നാക്കാന്‍' എന്നാണ് 4 മാസം മുന്‍പ് മന്ത്രി എന്നോട് പറഞ്ഞത്. കോടതിയില്‍ നിന്ന് ഉത്തരവുമായി വന്നാല്‍ നോക്കാം എന്നൊരു ഉപദേശവും തന്നു. മന്ത്രിയെ കുറ്റം പറയുന്നില്ല, അദ്ദേഹം പറഞ്ഞത് ഒരുപരിധിവരെ വാസ്തവമാണ്. എന്നാല്‍ മാധ്യമങ്ങളെ പേടിച്ച്, പ്രതിപക്ഷത്തെ പേടിച്ച്, സത്യം കാണാതിരിക്കാമോ?
മെട്രോയുടെ ഒരു തൂണ് ആ മുക്കിന് ഒത്ത നടുക്ക് വരുന്നുണ്ടത്രെ. അതിനാല്‍ അല്‍പ്പം വളച്ചാണ് മേല്‍പ്പാലം ഇപ്പോള്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ആ തൂണില്‍, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ആധുനിക പോലീസ് നിരീക്ഷണ റൂം വിഭാവനം ചെയ്യുന്ന മറ്റൊരു നിര്‍ദ്ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. വൈറ്റിലവഴി കടന്നുപോകുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരീക്ഷിക്കാനും നഗരത്തെ ഉയര്‍ന്ന പോയന്റില്‍ ഇരുന്നു നിയന്ത്രിക്കാനും ഉതകുമെങ്കില്‍ അത് തുടങ്ങുന്നത് താങ്കളുടെ സര്‍ക്കാരിന്റെ ഓര്‍ത്തുവെയ്ക്കാവുന്ന ഒരു വലിയ നേട്ടമായിരിക്കും.

ശരിയായ Public Consultation എന്നത് പരിസ്ഥിതി അനുമതികള്‍ക്കു മുന്‍പ് ആവശ്യം ചെയ്യേണ്ട ഒന്നാണ്. പ്രാദേശിക ജനങ്ങളുടെ അഭിപ്രായം കേട്ട് പരിഗണിക്കുക, പദ്ധതിയില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുക എന്നതാണ് അത്. അത് വേണ്ടവിധം ചെയ്യാത്തതിനാല്‍ ആണ് IOC യുടെ പുതുവൈപ്പ് പദ്ധതിയൊക്കെ ഇപ്പോള്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ആയത്. ടൗണ്‍ പ്ലാനിങ്ങ് ആക്ടിലും Public Consultation ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍ അത് പരിഹാസ്യമായ രീതിയിലാണ് നടക്കുന്നത് എന്നത് നമ്മുടെ ഉദ്യോഗസ്ഥ ഭരണസംവിധാനത്തിന്റെ വീഴ്ചയാണ്.
വൈറ്റില മേല്‍പ്പാലത്തിന്റെയും ഗതാഗത പരിഷ്‌കാരത്തിന്റെയും കാര്യത്തില്‍, അന്തിമമായ തീരുമാനം എടുക്കുന്നതിന് മുന്‍പ്, ബന്ധപ്പെട്ട ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും എന്നൊരു വാക്ക് PWD മന്ത്രിയുടേതായി ഇന്നലെ പത്രങ്ങളില്‍ കണ്ടു. സര്‍ക്കാരെടുത്ത മാറിയ ആ തീരുമാനം സഹര്‍ഷം സ്വാഗതാര്‍ഹമാണ്. നിലവിലുള്ള പ്ലാനിന്റെ കോട്ടങ്ങളും കിറ്റ്‌കോയുടെ പുതിയ പ്ലാനിന്റെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞു മനോരമ മെട്രോ പേജില്‍ മിനിഞ്ഞാന്ന് ഇത് സമ്മതിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ പൊതുതെളിവെടുപ്പ് നടത്തും എന്നത് മനോരമയ്ക്ക് തലവാചകത്തില്‍ 'പടലപ്പിണക്കം' ആകുന്ന രാഷ്ട്രീയമാണ്. അവഗണിക്കേണ്ടവ അവഗണിക്കണം. (വാര്‍ത്ത കമന്റില്‍)
മേല്‍പാലം നമുക്ക് പണിയാം, എവിടെ എങ്ങനെ വേണമെന്ന് പുനഃരാലോചിച്ചാല്‍ മതി. എന്നാല്‍ നിലവിലുള്ള പ്ലാനിലും ഡിസൈനിലും ഉള്ള മേല്‍പ്പാലത്തിന് ടെണ്ടര്‍ കൊടുത്ത് നിര്‍മ്മാണ ഉദ്ഘാടനവും നടത്തിയിട്ട് ഇനിയെന്ത് ചര്‍ച്ചയാണ് എന്ന് മനസിലാകാത്തവരോട് താങ്കള്‍ ഇന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറയണം, വികസനം അതിവേഗം മാത്രമല്ല, ശാസ്ത്രീയവും പ്രശ്‌നപരിഹാരിയും ആയിരിക്കണം എന്നതാണ് നയം എന്ന്. മാധ്യമങ്ങള്‍ അല്ല ഈ സര്‍ക്കാരിന്റെ അജണ്ട തീരുമാനിക്കുന്നത്, അത് ജനങ്ങളാണ് എന്ന്. Better late than Never എന്ന്.
അതുകൊണ്ട്, വൈറ്റിലയിലെ ഏറ്റവും വലിയ കുരുക്കുണ്ടാക്കിയ മുഖ്യമന്ത്രി എന്നല്ല, കേരളത്തിലെ ഏറ്റവും വലിയ നാല്‍ക്കവലയിലെ ഭാവി ഗതാഗതം ഏറ്റവും ശാസ്ത്രീയമായി വിഭാവനം ചെയ്ത മുഖ്യമന്ത്രി എന്നാകട്ടെ അങ്ങയുടെ പേര് കൊച്ചിയിലെ വരുംതലമുറ പറയുന്നത് എന്ന് ഞാന്‍ ആശംസിക്കുന്നു. ഇന്ന് വൈകിട്ടത്തെ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനത്തിന് എല്ലാവിധ ആശംസകളും.
ചടങ്ങില്‍ അധ്യക്ഷനാവുന്ന PWD മന്ത്രി ശ്രീ.സുധാകരനോ, മുഖ്യപ്രഭാഷണം നടത്തുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കോ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ആഗ്രഹിക്കുന്നു.

എന്ന്, 
അഡ്വ.ഹരീഷ് വാസുദേവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com