പതിവുപോലെ സദാചാരകുരു പൊട്ടിയ ആങ്ങളമാര്‍ ഊരുവിലക്കുമായി ഇറങ്ങിയിട്ടുണ്ട്; ഫ്‌ലാഷ് മോബിനെ പിന്തുണച്ച് വിടി ബല്‍റാം

ഈ ഫ്‌ലാഷ് മോബ് മലപ്പുറത്തെ വിഷയത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നതല്ല, മറിച്ച് ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും ജസ്‌ല വീഡിയോയിലൂടെ പറഞ്ഞിരുന്നു. 
പതിവുപോലെ സദാചാരകുരു പൊട്ടിയ ആങ്ങളമാര്‍ ഊരുവിലക്കുമായി ഇറങ്ങിയിട്ടുണ്ട്; ഫ്‌ലാഷ് മോബിനെ പിന്തുണച്ച് വിടി ബല്‍റാം

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പെണ്ണിടങ്ങള്‍ക്ക് വേണ്ടി നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പെണ്ണിടങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പ്രതിഷേധമാണിതെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫ്രീ തിങ്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫഌഷ് മോബിന് ബല്‍റാം പിന്തുണ നല്‍കിയിരിക്കുന്നത്. 

ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു കൊണ്ട് കെഎസ്‌യു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ജസ്‌ല മടശേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരിക്കുന്നത്. 

മലപ്പുറത്ത് തട്ടമിട്ട് ഫഌഷ്‌മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടന്ന ആക്രമണത്തിന് എതിരെയാണ് തിരുവനന്തപുരം ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേര്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫഌഷ് മോബ് നടത്തിയത്. ഈ ഫ്‌ലാഷ് മോബ് മലപ്പുറത്തെ വിഷയത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നതല്ല, മറിച്ച് ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും ജസ്‌ല വീഡിയോയിലൂടെ പറഞ്ഞിരുന്നു. 

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

"നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പെണ്ണിടങ്ങൾക്ക്‌ വേണ്ടിയുള്ള ഒരു പ്രതിഷേധമാണിത്‌. പെണ്ണിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നിടത്തെല്ലാം ഞങ്ങളുടെ പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. എല്ലായിടങ്ങളും ഒരു പുരുഷന്റേത്‌ എന്നതിനൊപ്പം തന്നെ ഒരു സ്ത്രീയുടേയും ഇടങ്ങളാണ്‌ എന്ന തിരിച്ചറിവിലേക്ക്‌ നമ്മുടെ സമൂഹം എത്തേണ്ടതുണ്ട്‌. ഓരോ ഇടങ്ങളും ഓരോ നൃത്തവും ഓരോ പാട്ടും ഓരോ കലകളും എല്ലാം പെണ്ണിന്‌ കൂടി ഉള്ളതാണ്‌. കലയെ ആസ്വദിക്കുന്നതിനപ്പുറം അവളുടെ ശരീരത്തെ ആസ്വദിക്കുമ്പോഴാണ്‌ അത്‌ പ്രശ്നമാകുന്നത്‌. മാറണോ വേണ്ടയോ എന്ന ചിന്ത നിങ്ങളിലാണ്‌ ഉണ്ടാവേണ്ടത്‌."

തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഫ്രീ തിങ്കേഴ്സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫ്ലാഷ്‌ മോബിനുശേഷം‌ കെഎസ്‌യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി Jazla Madasseryയുടെ ആർജ്ജവമുള്ള വാക്കുകൾ. തന്റെ ഇടങ്ങൾക്കുവേണ്ടിയുള്ള‌, തന്റേടത്തോടെയുള്ള പോരാട്ടങ്ങൾക്ക്‌ ഒരുഗ്രൻ സല്യൂട്ട്‌.

പതിവുപോലെ സദാചാരക്കുരു പൊട്ടിയ, മതബോധം തലക്കുപിടിച്ച, ആങ്ങളമാർ തെറിവിളിയും ഊരുവിലക്ക്‌ ഭീഷണിയുമൊക്കെയായി ഇറങ്ങിയിട്ടുണ്ട്‌. അവർക്കെതിരെ ജസ്‌ല സ്വീകരിക്കുന്ന നിയമ നടപടികൾക്കും പൂർണ്ണ പിന്തുണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com