മൂന്നാം ദിനവും സംസ്ഥാനത്ത് കള്ളന്മാരുടെ വിളയാട്ടം; തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

പതിനഞ്ചോളം പേര്‍ന്ന് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്
മൂന്നാം ദിനവും സംസ്ഥാനത്ത് കള്ളന്മാരുടെ വിളയാട്ടം; തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും വീട്ടുകാരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും കവര്‍ച്ച തുടരുന്നു. ബുധനാഴ്ച കാസര്‍കോഡ്  ചീമേനിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തി നടന്ന മോഷണത്തിന് പിന്നാലെ എറണാകുളം പുല്ലേപടിയിലും കവര്‍ച്ച നടന്നിരുന്നു. പൊലീസിനേയും നാട്ടുകാരേയും നോക്കു കുത്തിയാക്കി ശനിയാഴ്ച പുലര്‍ച്ചെ വീണ്ടും കൊച്ചിയില്‍ മോഷണം നടന്നിരിക്കുകയാണ്.

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ടായിരുന്നു വന്‍ കവര്‍ച്ച. 50 പവനിലധികം സ്വര്‍ണവും, പണവും ക്രഡിറ്റ് കാര്‍ഡും സംഘം വീട്ടില്‍ നിന്നും മോഷ്ടിച്ചു. തൃപ്പൂണിത്തുറ ഹില്‍പ്പാലസിന് സമീപം ഏരൂര്‍ സൗത്തിലെ വീട്ടിലായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ 2.30ടെ കവര്‍ച്ച നടന്നത്.

സമാനമായ മോഷണങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ദിനേശ് ഐപിഎസ് പറഞ്ഞു.

പതിനഞ്ചോളം പേര്‍ന്ന് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മോഷണ സംഘത്തിന്റെ  ആക്രമണത്തില്‍ വീട്ടിലെ ഗൃഹനാഥന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതര സംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കവര്‍ച്ച എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ജനലഴികള്‍ അറുത്ത് മാറ്റിയാണ് മോഷണ സംഘം വീടിനുള്ളിലേക്ക് കടന്നത്.

മോഷണം നടത്തിയതിന് ശേഷം സംഘത്തിന് എളുപ്പത്തില്‍ കോട്ടയം, മൂവാറ്റുപുഴ ഭാഗത്തേക്ക് കടക്കാന്‍ സാധിക്കും. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആരേയും കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com