പെണ്‍ സുഹൃത്തിനെ കെട്ടിപ്പിടിച്ചതിന്  വിദ്യാര്‍ത്ഥിയെ വിത്തുകാളയാക്കി; സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണടച്ച് നീതിപീഠം

സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് അച്ചടക്കനടപടികളുടെ പേരില്‍ പുറത്താക്കിയത്
പെണ്‍ സുഹൃത്തിനെ കെട്ടിപ്പിടിച്ചതിന്  വിദ്യാര്‍ത്ഥിയെ വിത്തുകാളയാക്കി; സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണടച്ച് നീതിപീഠം

തിരുവനന്തപുരം: സ്റ്റേജ് പരിപാടി കഴിഞ്ഞിറങ്ങിയ പെണ്‍ സുഹൃത്തിനെ കെട്ടിപ്പിടിച്ചതിന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തീരുവനന്തപുരത്തെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് അച്ചടക്കനടപടികളുടെ പേരില്‍ പുറത്താക്കിയത്. സ്‌കൂളിന്റെ ക്രൂരതയ്‌ക്കെതിരേ വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും നീതി നിക്ഷേധിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി സ്‌കൂളില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടില്ല.

ജൂലൈ 21 ന് വെസ്റ്റേണ്‍ സംഗീത മത്സരത്തില്‍ പങ്കെടുത്ത പെണ്‍ സുഹൃത്തിനെ അനുമോദിക്കുന്നതിനായി വിദ്യാര്‍ത്ഥി കെട്ടിപ്പിടിച്ചതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഇത് ഒരു അധ്യാപിക കാണാന്‍ ഇടയായി. തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളേയും വൈസ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. ഒരാഴ്ചയ്ക്ക് ഇരുവരോടും സ്‌കൂളിലേക്ക് വരേണ്ടെന്ന് പറയുകയും ചെയ്തു. 

എന്നാല്‍ മറ്റൊരു രീതിയില്‍ അല്ല കെട്ടിപ്പിടിച്ചതെന്നും സുഹൃത്തെന്ന നിലയില്‍ മാത്രമാണെന്നുമാണ് 16 കാരന്‍ പറയുന്നത്. വൈസ് പിന്‍സിപ്പലിനോട് കാര്യം പറഞ്ഞപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് താക്കീത് നല്‍കുകയായിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചര്‍മാരെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ആണ്‍കുട്ടി ക്ലാസിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു. 

സ്‌കൂളിലെത്തിയ മാതാപിതാക്കളുടെ മുന്നിലിട്ട് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ അധിക്ഷേപിച്ചു. മകനെയും തന്നെയും അപമാനിക്കുന്ന രീതിയിലായിരുന്നു മാര്‍ തോമസ് അജ്യുക്കേഷന്‍ സൊസൈറ്റി സെക്രട്ടറിയുടെ പെരുമാറ്റമെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. 16 കാരനായ മകനെ വിത്തുകാള എന്ന് വിളിച്ചത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. മകനെ ഇങ്ങനെ വളര്‍ത്തുന്നതിനേക്കാള്‍ ഭേദം കൊന്നു കളയുന്നതാണെന്നു വരെ സെക്രട്ടറി പറഞ്ഞു. 

കെട്ടിപ്പിടിക്കലിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ വരെ സ്‌കൂള്‍ രൂപീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളും തമ്മില്‍ 'തെറ്റായ' ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിനായി തെളിവുകള്‍ ശേഖരിക്കാനും സ്‌കൂള്‍ അധികൃതര്‍ മറന്നില്ല. ആണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്താണ് വിദ്യാര്‍ത്ഥികളുടെ 'അവിശുദ്ധ' ബന്ധം കണ്ടെത്തിയത്. കമ്മിറ്റിയുടെ വിചാരണയ്ക്ക് ശേഷം സ്‌കൂളിന്റെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പെരുമാറിയതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥികളേയും പുറത്താക്കുകയായിരുന്നു. 

ഇതിനെതിരേ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു. കുട്ടിയുടെ വിദ്യാഭ്യാസത്തെ തടയരുതെന്ന് പറഞ്ഞ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് ഇറക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല. ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരേ സ്‌കൂള്‍ ഹൈക്കോടതിയ സമീപിച്ചു. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം സ്‌കൂളിന്റെ അച്ചടക്കത്തിന് അനുസരിച്ചല്ലെന്ന് കാട്ടി കെട്ടിപ്പിടുത്ത വിവാദവും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളും വെച്ചായിരുന്നു സ്‌കൂളിന്റെ ഹര്‍ജി. കുട്ടികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അനുമതിയുണ്ടെന്ന വാദം ഹൈക്കോടതി ബെഞ്ച് അംഗീകരിച്ചുകൊണ്ട് പുറത്താക്കല്‍ നടപടിയെ ശരിവെച്ചു. 

പാതിവഴിയില്‍ മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ള സംശയത്തിലാണ് ഈ വിദ്യാര്‍ത്ഥി. ഒരു പൗരന് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തേണ്ടത് കോടതിയല്ലെയെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com