സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? ഡബ്ല്യൂസിസിയെ ആക്ഷേപിച്ച് സംവിധായകന്‍

സംഘടനയില്‍ അംഗമായ പാര്‍വ്വതി തന്റെ നിലപാട് വ്യക്തമാക്കിയതിന് സോഷ്യല്‍മീഡിയയില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്നത് ചില്ലറ വിമര്‍ശനങ്ങളല്ല.
സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? ഡബ്ല്യൂസിസിയെ ആക്ഷേപിച്ച് സംവിധായകന്‍

ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് പല മേഖലയില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സംഘടനയില്‍ അംഗമായ പാര്‍വ്വതി തന്റെ നിലപാട് വ്യക്തമാക്കിയതിന് സോഷ്യല്‍മീഡിയയില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്നത് ചില്ലറ വിമര്‍ശനങ്ങളല്ല.

തിരുവന്തപുരത്ത് നടന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ പുരസ്‌കാര ജേതാവ് സുരഭിയെ അവഗണിച്ചെന്നാരോപിച്ചായിരുന്നു വിമര്‍ശനങ്ങള്‍ തുടങ്ങിയത്. 

പിന്നീട് നടി പാര്‍വ്വതി സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരില്‍ മമ്മൂട്ടിക്കെതിരെ സംസാരിച്ചിരുന്നു. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന കടുത്ത സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു പാര്‍വ്വതി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിന് ശേഷം മമ്മൂട്ടി ഫാന്‍സ് നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിടുകയാണ്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ വനിതാകൂട്ടായ്മയെ നിഷിധമായി വിമര്‍ശിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെപി രംഗത്ത് വന്നിരിക്കുകയാണ്. 

സ്ത്രീ സ്വാതന്ത്യം എന്ന് മുറവിളികൂട്ടുന്ന മലയാള സിനിമയിലെ സ്ത്രീ സംഘടന ലക്ഷ്യം വയ്ക്കുന്നത് പുരുഷ വിരുദ്ധ സിനിമാരംഗമാണെങ്കില്‍ നടക്കില്ലെന്നും ചില നടിമാരുടെ ഭര്‍ത്താക്കന്മാരെപ്പോലെ ഷണ്ഡീകരിക്കപ്പെട്ടവരല്ല മലയാള സിനിമയിലെ ചലചിത്ര പ്രവര്‍ത്തകര്‍'- എന്നിങ്ങനെയാണ് സംവിധായകന്‍ വാക്കുകള്‍.

വ്യാസന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്ത്രീ സ്വാതന്ത്ര്യം,എന്ന് നൂറാവർത്തി മുറവിളി ഉയർത്തി "ചില" താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ നടക്കുന്ന മലയാള സിനിമയിലെ സ്ത്രീ സംഘടന ലക്ഷ്യം വയ്ക്കുന്നത്‌ പുരുഷ വിരുദ്ധ മലയാള സിനിമാരംഗമാണെങ്കിൽ ഒന്ന് പറയാം ചില നടിമാരുടെ ഭർത്താക്കന്മാരെ പോലെ ഷണ്ഡീ കരിക്കപ്പെട്ടവരല്ല മലയാളത്തിലെ മറ്റു ചലച്ചിത്ര പ്രവർത്തകന്മാർ.

പാർവ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ,അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണ മെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു,കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമ്മാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌,അല്ലാതെ പാർവ്വതിയൊ,പാർവ്വതിയുടെ സംഘടനയൊ അല്ല, സെക്സി ദുർഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌,ഇതാണു ഫാസിസം,സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ?കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ലIFFK യുടെ വേദിയിൽ നടന്ന ഈ പരാമർശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com