എല്‍ഡിഎഫ് യോഗം ഇന്ന് ; മുന്നണി വിപുലീകരണം ചര്‍ച്ചയാകും

എംപി വീരേന്ദ്രകുമാറിന്റെ ജെഡിയു എല്‍ഡിഎഫില്‍ മടങ്ങി എത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും 
എല്‍ഡിഎഫ് യോഗം ഇന്ന് ; മുന്നണി വിപുലീകരണം ചര്‍ച്ചയാകും

തിരുവനന്തപുരം : ഇടതുമുന്നണി നേതൃയോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെയും, കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടക്കും. വീരേന്ദ്രകുമാര്‍ വരുന്നതിനോട് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അനുകൂല നിലപാടാണ് കൈക്കൊണ്ടത്. 

ജെഡിയുവിന് ഇടതുമുന്നണിയിലേക്കുള്ള വാതില്‍ തുറ്‌നനുകിടക്കുകയാണെന്നാണ് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. ഇക്കാര്യത്തില്‍ ജെഡിയുവാണ് ആദ്യം നിലപാട് അറിയിക്കേണ്ടത്. മുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ ജെഡിയു സന്നദ്ധമായാല്‍, തുടര്‍ ചര്‍ച്ചകള്‍ക്കായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടി ചുമതലപ്പെടുത്തി. 

യുഡിഎഫില്‍ ഇടഞ്ഞുനില്‍ക്കുന്ന വീരേന്ദ്രകുമാര്‍, മുന്നണി വിടുന്നതിന്റെ ഭാഗമായി രാജ്യസഭാ എംപിസ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നണി മാറ്റത്തോട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ പി മോഹനന്റെ വിയോജിപ്പാണ് വീരേന്ദ്രകുമാറിന് തലവേദനയാകുന്നത്. കൂടാതെ, ജെഡിയുവിനെ മുന്നണിയിലേക്ക് എടുക്കുന്നതിനെ മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജെഡിഎസിനും എതിര്‍പ്പുണ്ട്. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ വരവിനെ ജെഡിഎസിലെ കെ കൃഷ്ണന്‍കുട്ടിയും, സി കെ നാണുവും സ്വാഗതം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ അന്തിമ നിലപാടിനോട് ജെഡിഎസ് വഴങ്ങിയേക്കും. 

അതേസമയം കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനകത്തും, എല്‍ഡിഎഫിലും എതിര്‍പ്പുകളുണ്ട്. ബാര്‍ കോഴ, സോളാര്‍ വിവാദങ്ങളില്‍ അകപ്പെട്ട കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് പരിഗണിക്കേണ്ട എന്നാണ് മാണിയുടെ പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ വേണ്ട എന്ന് എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സിപിഐ നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. കൂടാതെ, കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗം മുന്നണി മാറ്റത്തെ എതിര്‍ക്കുകയാണ്. യുഡിഎഫിലേക്ക് പോകണമെന്നാണ് ഇവരുടെ നിലപാട്. 

പിജെ ജോസഫ്, സി എഫ് തോമസ്, മോന്‍സ് ജോസഫ്, തുടങ്ങിയ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് പോകുന്നതിനെ എതിര്‍ക്കുകയാണ്. അതേസമയം ഇടതുമുന്നണിയുടെ ഭാഗമാകണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹം. പിളര്‍പ്പില്ലാതെ കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം മാണിയെ അറിയിച്ചിരുന്നത്. അതേസമയം സിപിഎം കേന്ദ്രനേതൃത്വവും മാണിയെ ഇപ്പോള്‍ കൂടെ കൂട്ടുന്നതിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ കെ എം മാണിയുടെ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടായേക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com