ഓഖി ദുരന്തം : ദൃശ്യങ്ങള്‍ സഹിതം നഷ്ടത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍ക്കാര്‍ 

സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പ്രസന്റേഷന്‍ തയ്യാറാക്കുന്നത്
ഓഖി ദുരന്തം : ദൃശ്യങ്ങള്‍ സഹിതം നഷ്ടത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍ക്കാര്‍ 

തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയാണ് പ്രസന്റേഷന്‍ തയ്യാറാക്കുന്നത്. രാജ്ഭവനില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് പ്രസന്റേഷന്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. കൂടാതെ ദുരിത ബാധിത സ്ഥലങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമ്പോള്‍, നഷ്ടത്തിന്റെ വ്യാപ്തിയും ദൃശ്യങ്ങള്‍ സഹിതം പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. 

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പ്രസന്റേഷന്‍ അവതരിപ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിനിടെ ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ കാണാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ യുഡിഎഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. 

ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. തിങ്കളാഴ്ച രാത്രി വൈകി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ, ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയശേഷം വൈകീട്ടോടെയാണ് തിരുവനന്തപുരത്തെത്തുക. തലസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ തീരമേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ദുരിത ബാധിതരെ കാണുന്ന പ്രധാനമന്ത്രി, നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. പ്രധാനമന്ത്രി ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മോദി ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും, ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ലത്തീന്‍ സഭ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com