കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് ; 200 ബോട്ടുകള്‍ വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി

തിരച്ചിലില്‍ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു
കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് ; 200 ബോട്ടുകള്‍ വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഖി ദുരന്തത്തെത്തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു. തിരച്ചിലില്‍ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാവിലെ ബോട്ടുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ടുവെച്ചത്. കൊച്ചി മുതല്‍ ഗോവന്‍ തീരം വരെ തിരച്ചില്‍ നടത്താന്‍ ചുരുങ്ങിയത് 200 ബോട്ടുകളെങ്കിലും വിട്ടുനല്‍കണമെന്നാണ് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടത്. ഇതിന് ബോട്ടുടമകള്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികളുടെ ക്ഷാമം അടക്കമുള്ളവ ബോട്ടുടമകള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നും ബോട്ടുടമകള്‍ അറിയിച്ചു. 

ഓഖി ദുരന്തത്തെത്തുടര്‍ന്ന് കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് 300 പേരെ കാണാനില്ലെന്നും, 60 പേര്‍ മരിച്ചതായുമാണ് അറിയിച്ചിട്ടുള്ളത്. പുതിയ കണക്കുകള്‍ പുറത്തുവിട്ടതിന്‍രെ പിന്നാലെ മുഖ്യമന്ത്രി മല്‍സ്യ തൊഴിലാളി സംഘടനകളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ചയാകും. 

തിരച്ചില്‍ പുരോഗമിക്കുമ്പോഴും, ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും കൂടാതെ തീരമേഖലയില്‍ നിലനില്‍ക്കുന്ന അസംതൃപ്തികളും സര്‍ക്കാരിന് വെല്ലുവിളിയാകുന്നുണ്ട്. ഇക്കാര്യവും മല്‍സ്യ തൊഴിലാളി സംഘടനകളുമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ഓഖി ദുരന്തത്തില്‍ 300 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. പൊലീസ,് ഫിഷറീസ്, ദുരന്ത നിവാരണ വകുപ്പുകളുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കാണിത്. 60 പേര്‍ മരിച്ചെന്നും, 44 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു. 

എഫ്‌ഐആറുകള്‍ പ്രകാരം കാണാതായവര്‍ : തിരുവനന്തപുരം-171, കൊച്ചി - 32. എഫിഐആര്‍ കൂടാതെയുള്ളവര്‍ കൊല്ലം -13, തിരുവനന്തപുരം- 83 എന്നിങ്ങനെയാണ്. പുതിയ കണക്കുപ്രകാരം 60 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍, 70 ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com