ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ;  ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നു : രാജ്‌നാഥ് സിംഗ്

ദുരന്തത്തില്‍ കേരളത്തില്‍ 74 പേരാണ് മരിച്ചത്. 215 പേരെ കാണാനില്ലെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു
ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ;  ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നു : രാജ്‌നാഥ് സിംഗ്


ന്യൂഡല്‍ഹി :  ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായാണ് കേന്ദ്രആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. അതീവഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തം കാണുന്നത്. ദുരന്തത്തില്‍ കേരളത്തില്‍ 74 പേരാണ് മരിച്ചത്. 215 പേരെ കാണാനില്ലെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു. 

കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കേന്ദ്ര ആഭ്യന്തര മന്ത്രി തള്ളി. മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ ഒരു വീഴ്ചയും വന്നിട്ടില്ല. ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നവംബര്‍ 29 ന് രാവിലെ 11.50 നാണ് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് ഓരോ മൂന്ന് മണിക്കൂറിലും അറിയിപ്പ് നല്‍കിയിരുന്നതായും രാജ്‌നാഥ് സിംഗ് അറിയിച്ചു. 

ഓഖി ചുഴലിക്കൊടുങ്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന്  ലഭിച്ചത് വൈകിയാണെന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്കിടെ, കെ സി  വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്നറിയിപ്പ് ലഭിച്ചത് ചുഴലിക്കാറ്റ് നാശം വിതച്ച ശേഷമാണ്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും അനുവദിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com