പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം; അറസ്റ്റിലായ പ്രതിക്ക് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മാതാവ്

ഇന്ത്യ, ദുബായ്, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ ഏത് സ്ഥലത്തു വേണമെങ്കിലും പ്രിന്റോയ്ക്ക് ജോലി നല്‍കാമെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം
പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം; അറസ്റ്റിലായ പ്രതിക്ക് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മാതാവ്

സമൂഹ മാധ്യമങ്ങളിലൂടെ സിനിമാതാരം പാര്‍വതിയെ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിന് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ്. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് പാര്‍വതി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിന് ശേഷമാണ് പ്രിന്റോയ്ക്ക് ജോലി ഉറപ്പ് നല്‍കികൊണ്ടുള്ള ജോബിയുടെ സന്ദേശം എത്തുന്നത്. 

ഇന്ത്യ, ദുബായ്, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ ഏത് സ്ഥലത്തു വേണമെങ്കിലും പ്രിന്റോയ്ക്ക് ജോലി നല്‍കാമെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് ജോബിയുടെ സന്ദേശം. പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. പ്രിന്റോയോട് തന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ വരാനാണ് ജോബി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ നമ്പര്‍ നല്‍കുന്ന പക്ഷം പ്രിന്റോയെ വിളിക്കാമെന്നും ജോബി സന്ദേശത്തില്‍ പറയുന്നു. പെയിന്റിംഗ് തൊഴിലാളിയായ പ്രിന്റോ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. 

കസബയെകുറിച്ചുള്ള പാര്‍വതിയുടെ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെ പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും അഭിസംബോധനചെയ്തുകൊണ്ട് ജോബി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. 'ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്ശിപ്പിക്കുന്നതായിരിക്കും', ഇതായിരുന്നു ജോബിയുടെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് പ്രിന്റോയ്ക്ക് പിന്തുണയുമായി ജോബി രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com