പ്രതിഷേധം ഫലം കണ്ടില്ല; അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ വിലക്കി വീണ്ടു വനംവകുപ്പ് 

അഗസ്ത്യാര്‍കൂടം താണ്ടാനുള്ള അവകാശം പുരുഷന്‍മാര്‍ക്ക് മാത്രമെന്ന് പ്രഖ്യാപിച്ച് വനം വകുപ്പ്.
പ്രതിഷേധം ഫലം കണ്ടില്ല; അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ വിലക്കി വീണ്ടു വനംവകുപ്പ് 

അഗസ്ത്യാര്‍കൂടം താണ്ടാനുള്ള അവകാശം പുരുഷന്‍മാര്‍ക്ക് മാത്രമെന്ന് പ്രഖ്യാപിച്ച് വനം വകുപ്പ്. സംസ്ഥാനത്തെ ഏറ്റവും പ്രിയങ്കരമായ ട്രെക്കിംഗ് സ്‌പോട്ടായ ഇവിടെ എല്ലാ വര്‍ഷവും തുടര്‍ച്ചായായി അനുവദിച്ചുപോരുന്ന വാര്‍ഷിക ട്രെക്കിംഗിനാണ് വനം വകുപ്പ് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.  പുതിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. വനം വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് 14വയസ്സ് കഴിഞ്ഞ ആണ്ണുങ്ങളെ മാത്രമേ അഗസ്ത്യാര്‍കൂടത്ത് അനുവദിക്കൂ. 

തുടര്‍ച്ചയായി നടന്നുവരുന്ന അഗസ്ത്യാര്‍കൂടത്തിലെ ട്രെക്കിംഗ് ഈ വര്‍ഷം ജനുവരി 14 മുതല്‍ ഫെബ്രുവരി 13വരെയാണ് നടത്തുക. കഴിഞ്ഞ വര്‍ഷം പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും വിജയകരമായി അഗസ്ത്യാര്‍കൂടം താണ്ടിയിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ നടത്തിയതിന് ശേഷം ഹൈകോടതിയുടെ അനുമതി വാങ്ങിയായിരുന്നു സ്ത്രീകള്‍ ഈ ആഗ്രഹം സാധ്യമാക്കിയത്. എന്നാല്‍ ഹൈകോടതിയില്‍ നിന്ന് 1868മീറ്റര്‍ ഉയരമുള്ള മല കയറാനായി സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള വ്യക്തമായ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വന അധികൃതര്‍ അവകാശപ്പെടുന്നത്. 

ഇപ്പോള്‍ വന്നിട്ടുള്ള ഈ തീരുമാനം വഞ്ചനയാണെന്നു വരുന്ന വര്‍ഷങ്ങളില്‍ ട്രെക്കിംഗ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാക്ക് ലംഘിച്ചിരിക്കുകയാണെന്നും നിലമ്പൂര്‍ സ്വദേശി ദിവ്യ ദിവാകരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം അഗസ്ത്യാര്‍കൂടം താണ്ടിയ സ്ത്രീ സംഘത്തിനെ നയിച്ച ദിവ്യ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ തീരുമാനത്തിനെതിരെ ഹൈകോടതിയെ സമൂപിക്കുമെന്നും പറഞ്ഞു. കഴിഞ്ഞവര്‍ഷം വനമന്ത്രി കെ രാജുവിനെ നേരിട്ട് കണ്ട് ട്രെക്കിംഗിനായുള്ള അനുവാദം വാങ്ങുകയായിരുന്നു ഇവര്‍. എന്നാല്‍ അനുവാദം തന്നതൊഴിച്ച് ഈ യാത്ര സാധ്യമാക്കാന്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചിരുന്നില്ലെന്ന് ദിവ്യ പറയുന്നു. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള വനംവകുപ്പിന്റെ പ്രഖ്യാപനത്തിനെതിരെ വനിതാ കൗണ്‍സല്‍ ജനുവരി 3ന് ഹൈകോടതിയില്‍ പരാതി നല്‍കും. 

വനം വകുപ്പിന്റെ പ്രധാന ഉദ്ദേശ്യം സുരക്ഷ ഉറപ്പുവരുത്തുകയാണെന്നാണ് അധികൃതരുടെ വാദം. ഓഗസ്റ്റില്‍ അനുവദിച്ച പ്രത്യേക ട്രെക്കിംഗില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരു ഗൈഡ് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത് അധികൃതര്‍ ചൂണ്ടികാട്ടുന്നു. ഈ വര്‍ഷം കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയാണ് ട്രെക്കിംഗ് നടപ്പാക്കുകയെന്നും മലകയറാനുള്ള പാത കൂടുതല്‍ വ്യക്തമാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും വനം-വന്യജീവി വിഭാഗം മേധാവി വൈ എം ഷാജികുമാര്‍ പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ പ്രാവീണ്യം സിദ്ധിച്ച ഗൈഡുമാരെയും നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തുന്ന ബുക്കിംഗിലൂടെയാണ് അഗസ്ത്യാര്‍കുടം താണ്ടാനുള്ള അനുവാദം ലഭിക്കുന്നത്. പ്രതിദിനം 100പേര്‍ക്ക് മാത്രമാണ് ഈ അനുവാദം നേടാനാവുക. ജനുവരി അഞ്ച് മുതലാണ് ബുക്കിംഗ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com