മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു; പാണക്കാട് റശീദലി തങ്ങള്‍ക്ക് സമസ്തയില്‍ വിലക്ക്

സമസ്തയുടെ മുന്നറിയിപ്പ് ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത യോഗത്തില്‍ വിലക്ക്
മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു; പാണക്കാട് റശീദലി തങ്ങള്‍ക്ക് സമസ്തയില്‍ വിലക്ക്

കോഴിക്കോട്: സമസ്തയുടെ മുന്നറിയിപ്പ് ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത യോഗത്തില്‍ വിലക്ക്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത റശീദലി തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെ റശീദലി തങ്ങളും മുനവ്വറലി തങ്ങളും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സമസ്തയുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റശീദലിയെ വിലക്കിയത്. 

 നാളെ മുക്കത്ത് നടത്താന്‍ തീരുമാനിച്ച സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ നിന്നുമാണ് പാണക്കാട് റശീദലി തങ്ങളെ ഒഴിവാക്കിയിരിക്കുന്നത്.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരടങ്ങിയ സംഘാടക സമിതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മലപ്പുറത്തെ കൂരിയാട്ടു നടന്നു വരുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് ഇരുവരും എത്തിയത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്‌റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനകനായത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനമാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റു കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

ചരിത്രത്തില്‍ ആദ്യമായാണ് പാണക്കാട് നിന്നും രണ്ടു പേര്‍ മുജാഹിദ് സമ്മേളന വേദിയില്‍ എത്തുന്നത്. പാണക്കാട് തങ്ങള്‍മാര്‍ മുസ്‌ലിം ലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും സമസ്ത പിന്തുടരുന്ന സുന്നി ആശയമാണ് ഇവര്‍ പിന്തുടരുന്നത്.

സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും ഇരുവരേയും മാറ്റി നിര്‍ത്താനാണ് സമസ്ത ആലോചിക്കുന്നത്. മുനവ്വറലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ഭാരവാഹിത്വത്തിലും റശീദലി തങ്ങള്‍ സുന്നീ മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്. 

കേരള വഖ്ഫ് ബോര്‍ഡ് കേരളത്തിലെ എല്ലാ മുസ്ലിംകളേയും പ്രതിനിധീകരിക്കുന്നുവെന്നും അതിനാലാണ് ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ പങ്കെടുത്തതെന്നും സംഭവത്തെക്കുറിച്ച് റശീദലി തങ്ങള്‍ പ്രതികരിക്കുകയുണ്ടായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ സംബന്ധിച്ചതെന്ന് മുനവ്വറലി തങ്ങളും പറഞ്ഞു.
മുജാഹിദ് സമ്മേളനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com