പള് സര് സുനി മുമ്പും നടികളെ തട്ടിക്കൊണ്ടുപോയിരുന്നതായി വെളിപ്പെടുത്തല്‍

പള്‍സര്‍ സുനി മുമ്പും നടികളെ തട്ടിക്കൊണ്ടുപോയിരുന്നതായി വെളിപ്പെടുത്തല്‍..
suresh kumar
suresh kumar

പള്‍സര്‍ സുനി മുമ്പും നടികളെ തട്ടിക്കൊണ്ടുപോയിരുന്നതായി വെളിപ്പെടുത്തല്‍

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് തിരച്ചില്‍ നടത്തുന്ന പള്‍സര്‍ സുനി മുമ്പും യുവനടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍.
നിര്‍മ്മാതാവ് സുരേഷ്‌കുമാറാണ് തന്റെ ഭാര്യ മേനകയെ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെക്കുറിച്ച് പറഞ്ഞത്. ഒരു യുവനടിയെ ലക്ഷ്യം വെച്ചാണ് സുനി എത്തിയത്. മേനകയുടെ കൂടെ അവരുണ്ടെന്നായിരുന്നു ധാരണ. എന്നാല്‍ യുവനടി മേനകയുടെ കൂടെയില്ലായിരുന്നു. അതുകൊണ്ടാണ് അന്നത്തെ പദ്ധതി പാളിയത് എന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം.
ഇതു സംബന്ധിച്ച് അന്നു തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളയാളാണ് പള്‍സര്‍ സുനി. പ്രമുഖ നടികളുടെ ഡ്രൈവര്‍ ജോലി ചെയ്താണ് തുടക്കം. പൊതുവെ മാന്യമായ പെരുമാറ്റം കൊണ്ട് ആളുകളെ കൈയ്യിലെടുക്കുന്ന പ്രകൃതമാണ് പള്‍സര്‍ സുനിയുടേതെന്ന് സുനിയെ ഡ്രൈവറായി വച്ചിരുന്ന പലരും പറഞ്ഞു.
ആത്മാര്‍ത്ഥതയുള്ളവനായി നിന്ന് പദ്ധതി തയ്യാറാക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു സുനിയുടെ രീതി. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ മുമ്പും ഉണ്ടായതായാണ് പോലീസിന് ലഭിച്ച സൂചന. പലരും മാനഭയത്താല്‍ പറയാതിരുന്നതാകാമെന്നാണ് പോലീസ് കരുതുന്നത്. സിനിമാമേഖലയില്‍ നിന്നുതന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ ഒരു നടിയെ ഇതേ മട്ടില്‍ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി സിനിമാവൃത്തങ്ങള്‍ പറയുന്നു. മലയാളത്തിലും തമിഴിലും ഭാഗ്യം പരീക്ഷിച്ച മറ്റൊരു നടിയ്ക്കും ഇതേ അനുഭവമുണ്ടായതായാണ് സിനിമാമേഖലയില്‍ നിന്നുള്ള വിവരങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസിലോ സംഘടനയിലോ പരാതി നല്‍കിയിട്ടില്ല.
അതുകൊണ്ടുതന്നെയാണ് പള്‍സര്‍ സുനി അടുത്ത ഇരയെ തേടിയിറങ്ങിയത്. ഈ പദ്ധതിയും വിജയിച്ചുവെന്ന് കരുതിയ സുനിയും സംഘവും തമ്മനത്തെത്തി താമസസ്ഥലത്തേക്ക് പുറപ്പെടാനൊരുങ്ങവെ സിനിമാമേഖലയില്‍ നിന്നുള്ള ചിലരുടെ ഫോണ്‍വിളികളിലൂടെ സംഗതി പുറംലോകം അറിഞ്ഞതായി മനസ്സിലാക്കുകയും ഫോണ്‍ സ്വിച്ചോഫ് ചെയ്ത് ഒളിവില്‍ പോവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതേസമയം പള്‍സര്‍ സുനി കേരള സിനി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ അംഗമല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അറസ്റ്റിലായ മാര്‍ട്ടിനും അസോസിയേഷനുമായി ബന്ധമില്ലെന്നും ബി. ഉണ്ണിക്കൃഷ്ണന്‍. അസോസിയേഷന്‍ അംഗങ്ങളെ മാത്രമേ ഷൂട്ടിംഗിനു പങ്കെടുപ്പിക്കാന്‍ പാടുള്ളുവെന്ന് നേരത്തേതന്നെ അറിയിച്ചതാണെങ്കിലും നിര്‍മ്മാതാതാക്കള്‍ ഇത് പാലിക്കാത്തതിനെത്തുടര്‍ന്നാണ് തീരുമാനം മാറിയതെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com