സുനിക്കെതിരായ കേസുകളുടെ വിവരങ്ങള്‍ പുറത്ത്; പൊലീസ് തന്നെ സംരക്ഷിച്ചതിനും തെളിവുകള്‍ 

സുനിക്കെതിരായ കേസുകളുടെ വിവരങ്ങള്‍ പുറത്ത്; പൊലീസ് തന്നെ സംരക്ഷിച്ചതിനും തെളിവുകള്‍ 

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് തെരയുന്ന സുനില്‍കുമാറിന് എതിരേയുള്ളത് പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, മോഷണം, വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കല്‍

കൊച്ചി: പള്‍സര്‍ സുനിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍. ഒതുക്കിത്തീര്‍ക്കാവുന്നത് പോലീസ് തന്നെ ഒതുക്കി. രണ്ടുവര്‍ഷം മുമ്പ് സുനിയ്ക്കുവേണ്ടി ഏറ്റുമാനൂര്‍ കോടതി അറസ്റ്റുവാറന്റ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ സുനിയെ പിടികൂടാനായില്ലെന്നാണ് പോലീസിന്റെ വാദം.
പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, മോഷണം, വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കല്‍ തുടങ്ങിയ ഗുരുതരമായ പല കേസുകളാണ് സുനിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതെങ്കിലും പോലീസ് ഇതെല്ലാം കണ്ടെന്നു നടിക്കുകയായിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെ ഭാര്യയും നടിയുമായ മേനകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സുരേഷ്‌കുമാര്‍ പള്‍സര്‍ സുനിയ്‌ക്കെതിരെ അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയതാണ്. തുടര്‍ന്ന് പലതവണ സുരേഷ്‌കുമാര്‍ ബന്ധപ്പെട്ടെങ്കിലും പോലീസ് ഇതില്‍ ഒരു നടപടിയും എടുത്തിരുന്നില്ല. ഓര്‍ക്കൂട് ഒരു ഓര്‍മ്മക്കൂട് എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു അന്ന് മേനക. ഒരു യുവനടിയുംകൂടി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചായിരുന്നു സുനി മേനകയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്.
യുവനടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി കൃത്യമായ പ്ലാനുകള്‍ തയ്യാറാക്കിയായിരുന്നു അന്ന് സുനിയെത്തിയത്. ഹോട്ടല്‍ റമദ ഇന്റര്‍നാഷണലിന്റെ വിസിറ്റിംഗ് കാര്‍ഡ് ഉണ്ടാക്കി സിനിമയില്‍ അഭിനയിക്കുന്ന രണ്ട് താരങ്ങള്‍ക്ക് സൗജന്യ താമസസൗകര്യമൊരുക്കി നല്‍കാം എന്ന് പറഞ്ഞ് നിര്‍മ്മാതാവ് ജോണി സാഗരികയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പക്ഷെ, സുനിയുടെ പദ്ധതികള്‍ തകര്‍ത്തുകൊണ്ട് മേനക മാത്രം വാഹനത്തില്‍ കയറി. ടൗണിലൂടെ വെറുതെ ചുറ്റിക്കറക്കിക്കൊണ്ടിരുന്ന സുനിയുടെ നീക്കത്തില്‍ സംശയം തോന്നിയ മേനക സുരേഷ്‌കുമാറിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഇതില്‍ പന്തികേടു മനസ്സിലാക്കിയ സുനി ഹോട്ടലിന്റെ ഗെയിറ്റിനും പുറത്ത് വണ്ടി നിര്‍ത്തി അന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ജോണി സാഗരിക ഇയാളെ ഡ്രൈവര്‍ ജോലിയില്‍നിന്നും ഒഴിവാക്കി. ഇതൊക്കെ കാണിച്ച് കേസ് നല്‍കിയെങ്കിലും പോലീസ് പള്‍സര്‍ സുനിയെ ഒന്നു വിളിച്ചുവരുത്തുകപോലും ചെയ്തില്ല.
സുരേഷ്‌കുമാര്‍ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ അടുത്ത ദിവസങ്ങളിലാണ് പോലീസ് ആ കേസ് സംബന്ധിച്ച് സുരേഷ്‌കുമാറിനോടുതന്നെ ചോദിക്കുന്നത്.
സിനി ഡ്രൈവേഴ്‌സ് സംഘടനയില്‍ അംഗവും പ്രമുഖ നിര്‍മ്മാതാവിന്റെ ഡ്രൈവറുമായിരുന്ന ഒരാള്‍ പാലാരിവട്ടം പോലീസില്‍ സുനിയെക്കുറിച്ച് പരാതി കൊടുത്തിരുന്നു. തന്റെ വാഹനം വാടകയ്ക്ക് എടുത്ത് സുനി മറിച്ചുവിറ്റു എന്നതായിരുന്നു കേസ്. എന്നാല്‍ സുനിക്കെതിരായ ഈ കേസ് പാലാരിവട്ടം പോലീസ് ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഈ ഡ്രൈവര്‍ വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുകയാണ്.
2014ല്‍ പാലായ്ക്കടുത്ത കിടങ്ങൂരില്‍ ജ്വല്ലറികളില്‍ സ്വര്‍ണ്ണം നല്‍കി പണവുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന മാര്‍വാഡി യുവാവിനെ കുരുമുളക് സ്‌പ്രേ അടിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ പള്‍സര്‍ സുനി പ്രതിയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ സുനി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഏറ്റുമാനൂര്‍ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റുവാറന്റ് നിലനില്‍ക്കെ പള്‍സര്‍ സുനി സിനിമാസെറ്റുകളില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com