പിതൃമോക്ഷം തേടി മഹാശിവരാത്രി

മഹാശിവരാത്രിക്കൊരുങ്ങി ശിവക്ഷേത്രങ്ങള്‍, പഞ്ചാക്ഷരി മന്ത്രങ്ങളുരുവിട്ട് ഭക്തരെത്തും
പിതൃമോക്ഷം തേടി മഹാശിവരാത്രി

കൊച്ചി: പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. ഒരു വ്യക്തിയുടെ സകലപാപങ്ങളും ഇല്ലാതാക്കുമെന്നും, എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്നും വിശ്വസിക്കുന്ന ശിവരാത്രി വ്രതം അനുഷ്ഠിച്ചാണ് പിതൃദര്‍പ്പണ പുണ്യം തേടി ഭക്തരെത്തിയത്. 

പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമുളച്ച് പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതീഹ്യം. കുംഭ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിനത്തിലായിരുന്നു ഇത്. ഇന്ത്യ മുഴുവന്‍ കുംഭമാസത്തിലെ കറുത്ത കൃഷ്ണപക്ഷ ചതുര്‍ദശി ദിനത്തില്‍ മഹാദേവ സ്‌തോത്രങ്ങളില്‍ മുഴുകുന്നു. കൂവളത്തിന്റെ ഇലകള്‍ ചാര്‍ത്തിയും, ശിവന് പാലും നെയ്യും അഭിഷേകം ചെയ്തും ശിവരാത്രി ദിനം ഭക്തി സാന്ദ്രമായി.

മുന്‍ വര്‍ഷങ്ങളിലെ പോലെ ആലുവ മണപ്പുറത്തായിരുന്നു ബലിതര്‍പ്പണത്തിനായി കൂടുതല്‍ പേരെത്തിയതെന്നാണ് കണക്കാക്കുന്നത്. 5 ലക്ഷം പേര്‍ ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണം മുന്‍ നിര്‍ത്തി ഗ്രീന്‍ ശിവരാത്രിയായിരിക്കും ഈ വര്‍ഷത്തേതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ആലുവ ശിവരാത്രി മണപ്പുറത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചായിരുന്നു ഗ്രീന്‍ ശിവരാത്രി ആഘോഷിച്ചത്.

പിതൃദര്‍പ്പണത്തിനായി കൂടുതല്‍ പേരെത്തുന്നത് മുന്നില്‍ കണ്ട് വേണ്ട സൗകര്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിവിധ സന്നദ്ധ സംഘടനകളും ഒരുക്കിയിരുന്നു. മൂന്ന് ബലിതറകളിലായി 750 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സാധിക്കുന്ന വിധമാണ് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കിയിരുന്നത്. 

സന്നദ്ധ സംഘടനകളും മറ്റ് വ്യക്തികളും ഒരുക്കിയിരിക്കുന്നതുള്‍പ്പെടെ 180 ബലിതറകളാണ് ശിവരാത്രി മണപ്പുറത്ത് ആകെയുണ്ടാവുക. 50 പേര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്താന്‍ സാധിക്കുന്ന വിധമായിരുന്നു ക്രമീകരണങ്ങള്‍. ഭക്തര്‍ ബലിതര്‍പ്പണം നടത്തുന്ന ഭാഗം ബാരിക്കേഡ് കെട്ടി നിയന്ത്രിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആലുവ റൂറല്‍ എസ്പി കെ.വി.ജോര്‍ജിന്റെ നേത്ൃത്വത്തില്‍ ആയിലത്തിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. 

കേരളത്തിലെ മറ്റ് ശിവക്ഷേത്രങ്ങളും കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിമൂന്നാം പകലും ശിവരാത്രി ആഘോഷങ്ങളില്‍ മുഴുകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com