ഗൂഢാലോചനയുണ്ടെന്ന് പൊലീസ്;  മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കി സുനിയുടെ അഭിഭാഷകന്‍

മുഖ്യമന്ത്രിയുടെ വാദം പൊലീസ് തള്ളി - ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കോടതിയില്‍ ഉന്നയിച്ച് പ്രതിയുടെ അഭിഭാഷകന്‍
ഗൂഢാലോചനയുണ്ടെന്ന് പൊലീസ്;  മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കി സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സുനിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് നല്‍കിയ അപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും പിടിയിലായവര്‍ തന്നെയാണ് മുഖ്യപ്രതികളെന്നും മുഖ്യമന്ത്രി പറഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനിയുടെ അഭിഭാഷകന്‍ പൊലീസ് വാദത്തെ എതിര്‍ത്തത്.

കേസില്‍ നിര്‍ണായകമായ, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിനായി പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തണം. പ്രതികളെ പത്തു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. പൊലീസ് വാദം അംഗീകരിച്ച കോടതി എട്ടു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിട്ടുള്ളത്.

പിടിയിലായവര്‍ തന്നെയാണ് കേസിലെ പ്രധാന പ്രതികളെന്നാണ് താന്‍ മനസിലാക്കുന്നത് എന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. മറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത സുനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടി. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com