മണി നടപ്പാക്കുമെന്ന് പറയുന്നത് കേന്ദ്രം എഴുതി തള്ളിയ പദ്ധതി

പാരിസ്ഥിതികാനുമതി ഇപ്പോഴും ഉണ്ടെന്ന് മന്ത്രി എം.എം.മണി അവകാശപ്പെടുന്ന അതിരപ്പിള്ളി പദ്ധതി കേന്ദ്ര വനം മന്ത്രാലയം എഴുതി തള്ളിയത്
പ്രിന്‍സ് രാജകുമാരന്‍ വാഴച്ചാല്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രം
പ്രിന്‍സ് രാജകുമാരന്‍ വാഴച്ചാല്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രം

വൈദ്യുത മന്ത്രി എം.എം.മണി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം 2015 ഏപ്രില്‍ 30ന് തന്നെ എഴുതി തള്ളിയത്. മന്ത്രാലയം ആവശ്യപ്പെട്ട പാരിസ്ഥിതിക റിപ്പോര്‍ട്ടുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് പദ്ധതി ഡീ ലിസ്റ്റ് ചെയ്തതായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

അന്ന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കനുകൂലമായി റിപ്പോര്‍ട്ടുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ഡീ ലിസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ ആരംഭിച്ചാല്‍ മാത്രമെ വീണ്ടും പാരിസ്ഥിതികാനുമതി ലഭിക്കാന്‍ സാധ്യതയുള്ളു. പാരിസ്ഥിതികാനുമതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന തന്നെ വാസ്തവ വിരുദ്ധമാണെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖകളില്‍ കാണിക്കുന്നത്. 

മൂന്നു തവണ പാരിസ്ഥിതികാനുമതി ലഭിച്ചെങ്കിലും മൂന്ന് തവണയും അത് റദ്ദാക്കപ്പെടുകയായിരുന്നു. 
 

പദ്ധതിയുടെ നാള്‍വഴി

ആദ്യ പ്രോജക്റ്റ് റിപ്പോര്‍ട്ട്     - 1988
രണ്ടാം പ്രോജക്റ്റ് റിപ്പോര്‍ട്ട്  -1994
വിശദമായ റിപ്പോര്‍ട്ട്                - 1996
ശേഷി                                                - 163 മെഗാവാട്ട്
ഏറ്റെടുക്കേണ്ടത്                          -138.06 ഹെക്റ്റര്‍ വനഭൂമി
ചെലവ്                                            -570 കോടി(2005 ലെ കണക്ക്)
പാരിസ്ഥിതികാനുമതി             - 1998 ജനുവരി 20, 2005 ഫെബ്രുവരി 10, 2007 ജൂലൈ 18.
ഇപ്പോഴത്തെ സ്ഥിതി                 - പദ്ധതി തന്നെ ഡീലിസ്റ്റ് ചെയ്തു

പദ്ധതി നടപ്പാക്കിയാല്‍ രണ്ട് ആദിവാസി ഊരുകളെ ബാധിക്കുമെന്നാണ് എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. പ്രാക്തന ഗോത്രങ്ങളില്‍പ്പെട്ട 85 കുടുംബങ്ങള്‍ മാറേണ്ടിവരും. 264 ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണ്. രാജ്യത്തെ തന്നെ അത്യപൂര്‍വ പുഴയോര കാടാണ് ഇല്ലാതാകുന്നത്. തൃശൂര്‍, എറണാകുളം ജില്ലയിലെ 35000 ഏക്കര്‍ സ്ഥലത്തെ ജലസേചനത്തെ ബാധിക്കും. 

ആദ്യം പദ്ധതിയുമായി മുന്നോട്ടു പോയ പിണറായി വിജയനും പിന്നീട് എ.കെ.ബാലനും ഇപ്പോള്‍ എം.എം.മണിയും പറയുന്നത് ഒരു ആദിവാസി കുടുംബത്തേയും കുടിയൊഴിപ്പിക്കില്ലെന്നാണ്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കനുകൂലമായി സംസാരിച്ചിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും നിലപാട് മാറ്റുകയും ചെയ്തു.തെറ്റു പറ്റിയെന്നും ഇനിയൊരിക്കലും അതിരപ്പിള്ളി വൈദ്യുത പദ്ധതിക്കായി വാദിക്കില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. 

ഇപ്പോള്‍ എം.എം.മണി പദ്ധതിക്കു വേണ്ടി വാദിച്ചെങ്കിലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെയുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ അനുമതി ലഭിക്കുമെന്ന് ഭൂരിപക്ഷം പേരും കരുതുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com