രണ്ടുമാസം കൊണ്ടു 30 ശതമാനം വര്‍ദ്ധന; അരിവിലയില്‍ കാലിടറി സര്‍ക്കാര്‍ 

അരിക്ക് വന്‍തോതില്‍ വില കൂടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വര്‍ദ്ധന 30 ശതമാനം വരെയാണെന്ന് സര്‍ക്കാറിന്റെ തന്നെ കണക്കുകല്‍ കാണിക്കുന്നു. 
രണ്ടുമാസം കൊണ്ടു 30 ശതമാനം വര്‍ദ്ധന; അരിവിലയില്‍ കാലിടറി സര്‍ക്കാര്‍ 

സംസ്ഥാനത്ത് അരിവിലയിലെ വര്‍ദ്ധന ചരിത്രത്തിലെങ്ങും ഉണ്ടാകാത്ത വിധമെന്ന് സര്‍ക്കാറിന്റെ തന്നെ കണക്കുകള്‍. പാലക്കാടന്‍ ജയ അരിക്ക് രണ്ടു മാസം കൊണ്ട് മൊത്ത വിലയില്‍ തന്നെ ഉണ്ടായത് 29 ശതമാനം വര്‍ദ്ധന. ഡിസംബര്‍22ന് ഇകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച് ജയയുടെ മൊത്തവില 31 രൂപയാണ്. ഫെബ്രുവരി 22ന് അത് 40 രൂപയായി. പാലക്കാടന്‍ മട്ട,പൊന്നി തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ക്കും വര്‍ദ്ധനയുണ്ട്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ രണ്ടു മുതല്‍ 5 വരെ ഉയര്‍ന്നാണ് പൊതു,മൊത്ത വിപണിയിലെ വില. ചില്ലറ വിലയിലേക്കെത്തുമ്പോള്‍ ജയയുടേത് കിലോയ്ക്ക് 50 രൂപ വരെയാകും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

അരി ഇനം   ഫെബ്രു-22 ഫെബ്രു-1ജനു-21 ഡിസം-22
പാലക്കാട് മട്ട37.5035.5032.0031.00
പാലക്കാട് ജയ40.0036.0035.0031.00
പൊന്നി32.0032.0030.0030.00
പഞ്ചസാര41.00 41.0041.0038.50
(കണക്കുകള്‍- ഇകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പോര്‍ട്ട്‌മെന്റ)

ഒരുകിലോ ജയ അരിയുടെ ചില്ലറ വില 50 രൂപയ്ക്ക് അടുത്തെത്തിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. 48 രൂപയ്ക്ക് മുകളിലാണ് മിക്കയിടത്തും വില. സുരേഖ അരിക്ക് 37 രൂപയായി.  22-ാംതീയതി ഒരു കിലോ മട്ട അരിക്ക് 37 രൂപയായിരുന്നു വില. പാലക്കാട് മട്ടയ്ക്ക് 37 രൂപയും പൊന്നിക്ക് 32ഉം ഗന്തകശാലയ്ക്ക് 72 ഉം രൂപയായി. മൊത്ത വിപണന കേന്ദ്രങ്ങളിലെ കണക്കാണ് മുകളില്‍ കൊടുത്തത്. ഇത് ചില്ലറ വിപണനകേന്ദ്രന്ദങ്ങളില്‍ എത്തുമ്പോള്‍ വീണ്ടും വര്‍ദ്ധിക്കും. ചില്ലറ വിപണന കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും പല വിലയാണെന്ന് വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നു. കാരണമായി പറയുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരി എത്താത്തത് കൊണ്ടാണ് പല വിധത്തില്‍ വില ഈടാക്കുന്നത് എന്നാണ്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് അരിവില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സര്‍ക്കാറിന്റേയും വിശദീകരണം. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും അരി വില കൂടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ് എന്നും അദ്ധേഹം പറഞ്ഞു. 2000 നീതി സ്റ്റോളുകള്‍ പുതിയതായി തുടങ്ങും.ബംഗാളില്‍ നിന്നും അരി ഇറക്കുമതി ചെയ്യും.ഇതാണ് സര്‍ക്കാര്‍ അരിവില കുറയ്ക്കാന്‍ വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 

 അരിവില കുറയ്ക്കാന്‍ കൂടുതല്‍ അരിക്കടകള്‍ തുടങ്ങുമന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പാലക്കാട്,ആലപ്പുഴ ജില്ലകളില്‍ അടുത്ത ദിവസം തന്നെ അരിക്കടകള്‍ തുടങ്ങും എന്നാണ് മന്ത്രിയുടെ ഉറപ്പ്. സംസ്ഥാനത്തെ 1531 സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ന്യായ വിലയ്ക്കും സബ്‌സിഡി വിലയ്ക്കും അരി വിതരണം ചെയ്തുവരികയാണ്. എഫ്‌സിഐയില്‍ നിന്നും വാങ്ങിയ പച്ചരി 23 രൂപയ്ക്കും പുഴുക്കലരി 25നും വിതരണം ചെയ്യുന്നുണ്ട്. ഓയില്‍ പാം ഇന്ത്യയുമായി സഹകരിച്ച് കുട്ടനാടന്‍ മട്ടയരി 33 രൂപാ നിരക്കിലും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.ഭക്ഷ്യ സുരക്ഷാ നിയമം വന്നപ്പോള്‍ കേരളത്തിലേക്കുള്ള കേന്ദ്ര വിഹിതം 46 ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. 

കിലോയ്ക്ക് 25 രൂപയ്ക്ക് ജയ അരി ഉടന്‍ ജനങ്ങള്‍ക്ക് മാവേലി സ്റ്റാളുകല്‍ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മാവേലി സ്റ്റാളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഉടന്‍ മാവേലി സ്റ്റാളുകല്‍ തുടങ്ങും എന്നാണ് കാനത്തിന്റെ ഉറപ്പ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോഴും പാലിക്കപ്പെടുന്നുണ്ട് എന്നാണ് കാനത്തിന്റെ വാദം. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പേരില്‍ കേരളത്തിലേക്കുള്ള അരി വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയത് തിരിച്ചടിയായെന്നും കാനം പറയുന്നു. 

അരിവില വര്‍ദ്ധനവ് സര്‍ക്കാറിന് എതിരെയുള്ള ആയുധമായി പ്രയോഗിക്കുകയാണ് പ്രതിപക്ഷം.അരിയെവിടെ എന്ന് പ്രതിപക്ഷം ചോദിക്കുമ്പോള്‍ യുഡിഎഫ് കാലത്താണ് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ കേന്ദ്രം പദ്ധതിയിട്ടതെന്നും ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയത് കോണ്‍ഗ്രസ് മന്ത്രി കെവി തോമസാണ് എന്നുമാണ് ഭരണപക്ഷത്തിന്റെ മറുപടി. യുഡിഎഫ് കാലത്തെ നഷ്ടം എത്രയാണ് എന്ന് ഇതുവരെ കണക്കു കൂട്ടിയിട്ടില്ല എന്നും മന്ത്രി തിലോത്തമന്‍ പറയുന്നു. 

കടുത്ത വേനല്‍ ഉല്‍പാദനം കുറയാന്‍ കാരണമായതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അരി വരവ് കുറയാന്‍ കാരണം.കര്‍ണ്ണാടകയിലും ആന്ധ്രയിലും ഉല്‍പ്പാദനത്തില്‍ 40 ശതമാനം വരെ കുറവുണ്ടെന്നാണ് മില്ലുകാര്‍ പറയുന്നത്. എന്നാല്‍ മൊത്തവില്‍പ്പനക്കാര്‍ അരി പൂഴ്ത്തിവെച്ച് മുതലെടുപ്പ് നടത്തുകയാണ് എന്ന് വ്യാപകമായ ആരോപണമുണ്ട്. അരിക്ക് വന്‍തോതില്‍ വില വര്‍ദ്ധിച്ചതോടെ ഫെബ്രുവരി 22ന് ശേഷമുള്ള കണക്കുകള്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com