നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കണം; ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

പല സ്വകാര്യ ആശുപത്രികളിലേയും ഡയാലിസിസ് യൂണിറ്റ് ഡ്യൂട്ടി പോലും ബഹിഷ്‌ക്കരിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത് - ഈ ഒരവസ്ഥ ആതുരശുശ്രൂഷാ രംഗത്തിന് തന്നെ അപമാനകരമാണ്
നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കണം; ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം:  സ്വകാര്യ നഴ്‌സുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അനശ്ചിതകാലമായി തുടര്‍ന്നുവരുന്ന  സമരം അവസാനിപ്പിക്കണമെന്നും അവരുടെ ന്യായമായ ആവശ്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ.

നഴ്‌സുമാരുടെ പ്രധാന ആവശ്യമായ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനും ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴില്‍ വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ IRC യുടെ യോഗം അടിയന്തിരമായി കൂടുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ നിന്നും സമരത്തിന്റെ പേരില്‍ നഴ്‌സുമാര്‍ ജോലിക്ക് ഹാജരാകാത്തത് ഉചിതമല്ലെന്ന് മന്ത്രി പറഞ്ഞു. പല സ്വകാര്യ ആശുപത്രികളിലേയും ഡയാലിസിസ് യൂണിറ്റ് ഡ്യൂട്ടി പോലും ബഹിഷ്‌ക്കരിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഈ ഒരവസ്ഥ ആതുരശുശ്രൂഷാ രംഗത്തിന് തന്നെ അപമാനകരമാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ  സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവര്‍ത്തിച്ചു.
    
സ്വകാര്യ ആശുപത്രികളില്‍ സേവനം ലഭ്യമല്ലാതെവരുന്ന സാഹചര്യത്തില്‍ മുഴുവനാളുകളും ഗവണ്‍മെന്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലാവട്ടെ ഇത്രയും അധികം രോഗികളെ പ്രവേശിപ്പിക്കുവാനുള്ള സൗകര്യങ്ങളും ലഭ്യമല്ല. അതുകൊണ്ടുതന്നെ രോഗാവസ്ഥയിലുള്ളവര്‍ ഒരുപക്ഷേ ചികിത്സ ലഭിക്കാതെ മരിക്കാനുള്ള സാഹചര്യവുമുണ്ട്. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാന്‍ മുഴുവന്‍ നഴ്‌സുമാരും തയ്യാറാകണം.
    
നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുമെന്നും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നീതിയുക്തവുമാണെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. ആയതിനാല്‍ തന്നെ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com