ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നാറിലെ വ്യാപാരികളെ വിളിച്ചാല്‍ മതിയോ; മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിനെതിരെ സിപിഐ

മൂന്നാര്‍ നിവേദനത്തിലെ ഒരു കാര്യവും എല്‍ ഡി എഫ് നിവേദനത്തിലില്ല. എന്നിട്ടും ഇങ്ങനെ മുഖ്യമന്ത്രി സാമാന്യവല്‍ക്കരിച്ചത് എന്തിന് വേണ്ടിയാണ് 
ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നാറിലെ വ്യാപാരികളെ വിളിച്ചാല്‍ മതിയോ; മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിനെതിരെ സിപിഐ

മൂന്നാര്‍: മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സര്‍വകക്ഷി യോഗത്തില്‍ നിന്നും സിപിഐ വിട്ടുനിന്നത് എന്തുകൊണ്ടെന്നും ഈ യോഗം സംബന്ധിച്ച തെറ്റിദ്ധാരണ പരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിന്റെയും ഭാഗമായാണ് വസ്തുതതയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തിയത്.  എന്നാല്‍ ഇടുക്കി ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിനും റവന്യൂ വകുപ്പിനും ഒരേ നിലപാടാണ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്

മുഖ്യമന്ത്രി തന്നെ യോഗത്തില്‍ വിശദീകരിച്ചത് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളെക്കുറിച്ചാണ്. മൂന്നാറിലെ വ്യാപാരി സംഘടനാ പ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിളിച്ച് കൂട്ടിയാണോ ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

പഞ്ചായത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചതിന് ശേഷം നഗര സഭയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും പോലെയാണ് ഈ ചര്‍ച്ചയും തീരുമാനവും. മുഖ്യമന്ത്രി തന്നെ വിശദീകരിച്ചത് ഇത് നാലാമത്തെ ഉന്നതതല യോഗമാണെന്നാണ്. മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടിവ്യാപാര സംഘടനാ നേതാക്കള്‍ ഒരു നിവേദനം നല്‍കിയെന്നും സി എ കുര്യന്‍ അടക്കമുള്ള നേതാക്കള്‍ അതില്‍ ഒപ്പുവച്ചിരുന്നു എന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അടക്കമുള്ള എല്‍ ഡി എഫ് നേതാക്കള്‍ മറ്റൊരു നിവേദനവും നല്‍കിയെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ഈ പ്രസ്താവന തെറ്റിധാരണാജനകമാണ്.

മൂന്നാര്‍ നിവേദനത്തില്‍ ഒപ്പിട്ടവര്‍ക്ക് കത്തയച്ചാണ് യോഗം വിളിച്ചത്. ഈ കത്ത് 25ന് മുമ്പുതന്നെ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചു. എല്‍ ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, വനം മന്ത്രിക്കും നിവേദനം നല്‍കുന്നത് ജൂണ്‍ 28നാണ്. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വനം മന്ത്രിയും നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി പറഞ്ഞും ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുമാണ് ഞങ്ങള്‍ നിവേദനം നല്‍കിയത്. മൂന്നാര്‍ നിവേദനത്തിലെ ഒരു കാര്യവും എല്‍ ഡി എഫ് നിവേദനത്തിലില്ല. എന്നിട്ടും ഇങ്ങനെ മുഖ്യമന്ത്രി സാമാന്യവല്‍ക്കരിച്ചത് എന്തിന് വേണ്ടിയാണ്. അദ്ദേഹത്തിനും അറിയാമായിരുന്നു മൂന്നാര്‍ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഒരു യോഗവും വിളിക്കേണ്ടിയിരുന്നില്ല എന്ന്. അതുകൊണ്ടാണ് മെയ് ഏഴിലെ തീരുമാനം വിശദീകരിച്ച് യോഗം അവസാനിപ്പിച്ചത്. ഇക്കാരണങ്ങളാലാണ് അല്ലെങ്കില്‍ ഇതാണ് സത്യം എന്നതുകൊണ്ടാണ് സിപിഐ ആ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. സിപിഐയുടെ നിലപാട് നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യമാകുമെന്ന കാര്യത്തില്‍ സംശയമേയില്ലെന്നും ശിവരാമന്‍ പറയുന്നു


സര്‍വകക്ഷി യോഗം; വസ്തുതയും പ്രചരണവും
..................................................
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സിപിഐ വിട്ടുനിന്നത് എന്തുകൊണ്ട്? ഈ യോഗം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നതാണ് യഥാര്‍ത്ഥ വസ്തുത.
തിരുവനന്തപുരത്ത് ഇത്തരമൊരു യോഗം വിളിച്ചത് എന്തിന് വേണ്ടിയായിരുന്നു. സിപിഐ ഉന്നയിച്ച ഈ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ വിശദീകരണം നല്‍കുവാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
മൂന്നാറിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വ്യാപാര സംഘടനാ പ്രതിനിധികളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. നിവേദനത്തില്‍ പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, മൂന്നാര്‍ ടൗണിലെ കച്ചവടക്കാര്‍ക്കും താമസക്കാര്‍ക്കും പട്ടയം നല്‍കുക. രണ്ട്, മൂന്നാറിലെ 113 കുത്തക പാട്ടക്കാര്‍ക്കും പട്ടയം ലഭ്യമാക്കുക. എന്നാല്‍ കുത്തകപാട്ടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും ഇതിന്റെ ഭാഗമായി എ വി ജോര്‍ജെന്നയാള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി യെന്നുമായിരുന്നു യഥാര്‍ത്ഥത്തില്‍ നിവേദത്തിന്റെ ഉള്ളടക്കം. കണ്ണന്‍ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന 127854.54 ഏക്കര്‍ സ്ഥലം ഒരു പൈസാ പോലും നഷ്ടപരിഹാരം നല്‍കാതെ 1971ല്‍ സി അച്യുതമേനോന്‍ സര്‍ക്കാരാണ് ഏറ്റെടുത്തത്. ഇതില്‍ തേയില കൃഷികള്‍ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 57359.14 ഭൂമി സര്‍ക്കാര്‍ കമ്പനിക്ക് കുത്തകപാട്ട വ്യവസ്ഥയില്‍ തിരിച്ച് നല്‍കി. ഇതില്‍ മൂന്നാര്‍ ടൗണും ഉള്‍പ്പെട്ടിരുന്നു. ടൗണിലെ കച്ചവടക്കാരില്‍ നിന്നും വീടുകളില്‍ നിന്നും കമ്പനി വാടക പിരിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്. മൂന്നാറിനെ കമ്പനിയുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുകയെന്നത് എല്‍ ഡി എഫിന്റെ പ്രഖ്യാപിത നയമാണ്. ഇതിനായി ഒരു നിയമ നിര്‍മ്മാണം അത്യാവശ്യമാണ്. 2010ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു നിയമത്തിന് രൂപം നല്‍കിയെങ്കിലും അത് പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചില്ല. നിയമ നിര്‍മ്മാണത്തിലൂടെ കമ്പനിയുടെ കൈവശമിരിക്കുന്ന ടൗണ്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടര്‍ന്ന് വ്യാപാരികള്‍ക്കും താമസക്കാര്‍ക്കും പട്ടയം നല്‍കുക എന്നതെല്ലാം എല്‍ ഡി എഫ് അംഗീകരിച്ചിരിക്കുന്ന കാര്യമാണ്. ഇതിനായി ഒരു സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കേണ്ട കാര്യമുണ്ടോ?
രണ്ടാമത്തെ പ്രശ്‌നം കുത്തക പാട്ടക്കാരനെ ഒഴിപ്പിക്കാന്‍ പോകുന്നു എന്ന അടിസ്ഥാനമില്ലാത്ത ആശങ്കയാണ്. മൂന്നാറില്‍ സര്‍ക്കാരും, കമ്പനിയും കുത്തക പാട്ടം നല്‍കിയിട്ടുണ്ട്. ഒരാളെപ്പോലും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഒരു കുത്തകപാട്ടക്കാരനും നോട്ടീസ് നല്‍കിയിട്ടുമില്ല. പക്ഷേ കുത്തക പാട്ടക്കാരനെ ഒഴിപ്പിക്കാന്‍ പോകുന്നു എന്ന വ്യാജ പ്രചരണം ചിലര്‍ സംഘടിതമായി അഴിച്ചുവിട്ടു. ഒരു കുത്തക പാട്ടക്കാരനെയും ഒഴിപ്പിക്കില്ലായെന്ന് റവന്യൂ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ചിലര്‍ ഈ പ്രചരണം തുടര്‍ന്നു.
കുത്തക പാട്ടക്കാരനെ ഒഴിപ്പിക്കാന്‍ പോകുന്നു എന്ന പ്രചരണത്തിന്റെ മറവില്‍ എ വി ജോര്‍ജ്ജെന്ന കയ്യേറ്റക്കാരനെ സംരക്ഷിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ചിലര്‍ നടത്തിയത്. അതിനായി ജോര്‍ജ്ജിന്റെ കൈവശമുള്ള 22 സെന്റ് സ്ഥലം കുത്തകപാട്ട ഭൂമിയാണെന്ന് ഇവര്‍ പ്രചരിപ്പിക്കുകയാണ്.
എന്താണ് വസ്തുത? മൂന്നാര്‍ദേവികുളം റോഡില്‍ സര്‍വ്വേ നമ്പര്‍ 62/10 സിയിലെ 22 സെന്റ് സ്ഥലം 1948ല്‍ പാറങ്കാല അയ്യര്‍ക്ക് കുത്തകപാട്ട വ്യസ്ഥയില്‍ സര്‍ക്കാര്‍ നല്‍കിയതാണെന്ന് രേഖകളില്‍ വ്യക്തമാണ്. 1955 മുതല്‍ 1986വരെ ചാക്കോ മുക്കാടന്റെയും തുടര്‍ന്ന് തോമസ് മൈക്കിള്‍ മണര്‍കാടിന്റെയും കൈവശമായിരുന്നു ഈ കുത്തകപാട്ട ഭൂമി. ഇങ്ങനെ കൈമാറിയതു തന്നെ നിയമ വിരുദ്ധമാണ്. തോമസ് മൈക്കിളിന്റെ പാട്ടഭൂമി എങ്ങനെ എ വി ജോര്‍ജ്ജിന്റേതായി. തോമസ് മൈക്കിളില്‍ നിന്നും വിലകൊടുത്ത് വാങ്ങിയതാണെന്നാണ് വാദം. കുത്തകപാട്ടഭൂമി എങ്ങനെ വിലകൊടുത്ത് വാങ്ങാനും വില്‍ക്കാനും കഴിയും. 22 സെന്റ് ഭൂമിയുടെ പട്ടയം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി വന്നിരുന്നു. ആരാണ് യഥാര്‍ത്ഥത്തില്‍ ആ ഹര്‍ജിക്കാരന്‍. തോമസ് മൈക്കിള്‍ തന്നെ. ഈ ഹര്‍ജിയില്‍ വാദം കേട്ട കോടതി 2010ല്‍ ഈ വിഷയത്തില്‍ ദേവികുളം സബ്കളക്ടര്‍ തീരുമാനമെടുക്കണമെന്നും വിധിച്ചു. 2011 മുതല്‍ 2016 വരെ യു ഡി എഫാണ് ഭരിച്ചത്. ജോര്‍ജ്ജ് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. എന്തുകൊണ്ട് ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് അടൂര്‍ പ്രകാശും ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ഫയല്‍ പൂഴ്ത്തി വച്ചു.
ഇപ്പോത്തെ സബ്കളക്ടര്‍ ഫയലുകള്‍ പരിശോധിച്ചു. ഹര്‍ജിക്കാരനായ തോമസ് മൈക്കിള്‍ മണര്‍കാടിന് അഞ്ച് തവണ നോട്ടീസ് അയച്ചു. മറുപടിയില്ല. തുടര്‍ന്ന്് ഓഫീസിലെ ജീവനക്കാരനെ നേരിട്ട് പറഞ്ഞയച്ചു. താനീ ഭൂമി ഒഴിഞ്ഞതാണെന്നും ആര്‍ക്കും കൈമാറ്റം ചെയ്തിട്ടില്ലെന്നും പട്ടയം ആവശ്യപ്പെട്ട് ഹര്‍ജ്ജി നല്‍കിയില്ലെന്നും രേഖാമൂലം സ്‌റ്റേറ്റ്‌മെന്റ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതെങ്ങനെയാണ് കുത്തക പാട്ടക്കാരനെ ഒഴിപ്പിക്കുന്നതാകുന്നത്. ജോര്‍ജ്ജ് ഒന്നുമില്ലാത്തവനല്ല, നല്ല സമ്പന്നനാണ്. ഈ കയ്യേറ്റക്കാരനെ കുത്തകപാട്ടക്കാരന്റെ വേഷമണിയിക്കുകയാണ് പിന്നീട് ചെയ്തത്. യു ഡി എഫ്് സര്‍ക്കാരിനു പോലും ജോര്‍ജ്ജിനെ സഹായിക്കാന്‍ കഴിയില്ലാ എന്നതുകൊണ്ടാണല്ലോ അന്ന് തീരുമാനം എടുക്കാതിരുന്നത്.
സിപിഐ യോഗത്തില്‍നിന്നും വിട്ടു നിന്നത് ശരിയാണെന്ന് ഈ വസ്തുതകളും യോഗതീരുമാനങ്ങളും വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ യോഗത്തില്‍ വിശദീകരിച്ചത് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളെക്കുറിച്ചാണ്. മൂന്നാറിലെ വ്യാപാരി സംഘടനാ പ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിളിച്ച് കൂട്ടിയാണോ ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
പഞ്ചായത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചതിന് ശേഷം നഗര സഭയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും പോലെയാണ് ഈ ചര്‍ച്ചയും തീരുമാനവും. മുഖ്യമന്ത്രി തന്നെ വിശദീകരിച്ചത് ഇത് നാലാമത്തെ ഉന്നതതല യോഗമാണെന്നാണ്. മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടിവ്യാപാര സംഘടനാ നേതാക്കള്‍ ഒരു നിവേദനം നല്‍കിയെന്നും സി എ കുര്യന്‍ അടക്കമുള്ള നേതാക്കള്‍ അതില്‍ ഒപ്പുവച്ചിരുന്നു എന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അടക്കമുള്ള എല്‍ ഡി എഫ് നേതാക്കള്‍ മറ്റൊരു നിവേദനവും നല്‍കിയെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ഈ പ്രസ്താവന തെറ്റിധാരണാജനകമാണ്. മൂന്നാര്‍ നിവേദനത്തില്‍ ഒപ്പിട്ടവര്‍ക്ക് കത്തയച്ചാണ് യോഗം വിളിച്ചത്. ഈ കത്ത് 25ന് മുമ്പുതന്നെ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചു. എല്‍ ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, വനം മന്ത്രിക്കും നിവേദനം നല്‍കുന്നത് ജൂണ്‍ 28നാണ്. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വനം മന്ത്രിയും നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി പറഞ്ഞും ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുമാണ് ഞങ്ങള്‍ നിവേദനം നല്‍കിയത്. മൂന്നാര്‍ നിവേദനത്തിലെ ഒരു കാര്യവും എല്‍ ഡി എഫ് നിവേദനത്തിലില്ല. എന്നിട്ടും ഇങ്ങനെ മുഖ്യമന്ത്രി സാമാന്യവല്‍ക്കരിച്ചത് എന്തിന് വേണ്ടിയാണ്. അദ്ദേഹത്തിനും അറിയാമായിരുന്നു മൂന്നാര്‍ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഒരു യോഗവും വിളിക്കേണ്ടിയിരുന്നില്ല എന്ന്. അതുകൊണ്ടാണ് മെയ് ഏഴിലെ തീരുമാനം വിശദീകരിച്ച് യോഗം അവസാനിപ്പിച്ചത്. ഇക്കാരണങ്ങളാലാണ് അല്ലെങ്കില്‍ ഇതാണ് സത്യം എന്നതുകൊണ്ടാണ് സിപിഐ ആ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. സിപിഐയുടെ നിലപാട് നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യമാകുമെന്ന കാര്യത്തില്‍ സംശയമേയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com