പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങള്‍ 'ലീക്കായി' തുടങ്ങിയോ? എട്ട് വജ്രങ്ങള്‍ കാണാനില്ല

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വമ്പന്‍ നിധിശേഖരമുള്ള തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിധി 'ലീക്കായി' തുടങ്ങിയോ?  ഒന്നിനു 20 ലക്ഷം രൂപയ്ക്കു മുകളില്‍ മൂല്യം കണക്കാക്കുന്ന എട്ട് വജ്രങ്ങള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായെന്ന് ക്ഷേത്രം അമിക്കസ്‌ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഏകദേശം എണ്‍പത് വര്‍ഷങ്ങളോളം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായതെന്നാണ് ജില്ലാ ജഡ്ജികൂടിയായ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ വജ്രങ്ങളുടെ മതിപ്പുവില രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. 20 ലക്ഷം രൂപയ്ക്കും എത്രയോ മുകളിലായിരിക്കും ഇവേെയാന്നിന്റെ വിലയെന്നാണ് സൂചന. വജ്രങ്ങള്‍ കേടുവന്നു എന്ന രീതിയിലാണ് ഇതുസംബന്ധിച്ചു ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, കാണാതായതിനുപകരം കേടുപാടുണ്ടായി എന്നുവരുത്തുന്നത് ഗുരുതര വീഴ്ചയാണെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി.

നിധിശേഖരത്തില്‍ നിന്നും വജ്രങ്ങള്‍ കാണാതായതു 2015 ഓഗസ്റ്റിലാണ്. എന്നാല്‍, ഇതുസംബന്ധിച്ചു ആദ്യ പരാതി നല്‍കുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും. ഇത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് വ്യക്തമായെന്നിരിക്കെ സമഗ്രമായ അന്വേഷണത്തിനു കോടതി ഉത്തരവിടണം.

നിലവില്‍ നമ്പിമാരാണ് ആഭരണങ്ങളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ആഭരണങ്ങളുടെ മതിപ്പു വിലയടക്കമുള്ള ആഭരണങ്ങളുടെ വിവരങ്ങള്‍ ഒന്നും ഇവര്‍ രേഖപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിനുള്ള സുരക്ഷ വര്‍ധിപ്പിക്കണം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുന്‍ കമ്മീഷണര്‍ എച്ച് വെങ്കിടേഷിനെ നിയമിക്കണം. ഇദ്ദേഹത്തെ ക്ഷേത്രത്തിന്റെ വിജിലന്‍സ് ഓഫീസറായും നിയമിക്കണം. ക്ഷേത്രത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്ക് സിഎജി ശുപാര്‍ശ ചെയ്യുന്നയാളെ നിയമിക്കണമെന്നും നിധിശേഖരത്തിന്റെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com