മഹാരാജാസ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ശുപാര്‍ശ; ക്യാംപസിലെ അന്തരീക്ഷം വഷളാക്കിയത് പ്രിന്‍സിപ്പലിന്റെ കടുംപിടിത്തമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പ്രിന്‍സിപ്പലിന്റെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിലും അധ്യാപകരിലും അമര്‍ഷമുണ്ടാക്കി
മഹാരാജാസ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ശുപാര്‍ശ; ക്യാംപസിലെ അന്തരീക്ഷം വഷളാക്കിയത് പ്രിന്‍സിപ്പലിന്റെ കടുംപിടിത്തമെന്ന് അന്വേഷണ റിപ്പോര്‍ട്ട്


തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍എല്‍ ബീനയെ മാറ്റാന്‍ ശുപാര്‍ശ. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കോളജില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രിന്‍സിപ്പല്‍ പരാജയപ്പെട്ടെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം യാദൃച്ഛികമായി ഉണ്ടായതല്ല. പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ മാസങ്ങളായി അസ്വസ്ഥത നിലനില്‍ക്കുന്നുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. പ്രിന്‍സിപ്പലിന്റെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിലും അധ്യാപകരിലും അമര്‍ഷമുണ്ടാക്കി. ഇതാണ് പ്രതിഷേധമായി മാറിയത്. 

ഹോസ്റ്റല്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. രണ്ടു മാസക്കാലം ദലിത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണമില്ലാതെയും താമസിക്കാന്‍ സ്ഥലമില്ലാതെയും കഷ്ടപ്പെടേണ്ടി വന്നത് ദയനീയമാണ്. ഇതാണ് വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്താന്‍ ഇടയാക്കിയത്. വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ മോശമായ ഭാഷയില്‍ സംസാരിച്ചതും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യിച്ചതും ക്യാമ്പസിലെ സാഹചര്യം വഷളാക്കി. 

കമ്മഷനോട് നിഷേധനാത്മക സമീപനമാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ പ്രിന്‍സിപ്പലിനു വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഇതില്‍നിന്നു തന്നെ വ്യക്തമാണ്. വ്യവസ്ഥാപിതമായ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു പകരം പ്രകോപനപരമായ അതിതീവ്ര നിലപാടുകളാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. ഇതിനോടുള്ള പ്രതിഷേധം നിയന്ത്രണാതീതമാവുകയും വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയുമാണുണ്ടായത്. എന്നാല്‍ കസേര കത്തിച്ചുള്ള പ്രതിഷേധം ന്യായീകരിക്കാന്‍ കഴിയില്ലെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ഉചിത നടപടി സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരായ വിദ്യാര്‍ഥികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കസേര കത്തിച്ചതില്‍ അധ്യാപകര്‍ക്കോ അധ്യാപക സംഘടനാ നേതാക്കള്‍ക്കോ നേരിട്ടു ബന്ധമുളളതായി തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. 

സംഭവ ദിവസം പ്രിന്‍സിപ്പാള്‍ റൂം തുറന്നിടാന്‍ വൈസ് പ്രിന്‍സിപ്പാളിനോടു പറയാതെ ഓഫീസ് അറ്റന്‍ഡന്റിനെ ഫോണില്‍ വിളിച്ചു പറഞ്ഞതിനെക്കുറിച്ചും രാവിലെ ഒന്‍പതരയ്ക്കു കോളജില്‍ വരുമെന്ന് അറിയിച്ച് ഒരു മണി വരെ എത്താതിരുന്നതിനെപ്പറ്റിയും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ല. പൊലീസിനു പരാതി നല്‍കുന്നതിന് വൈസ് പ്രിന്‍സിപ്പാളിനെ ചുമതലപ്പെടുത്താതെ ഓഫിസ് സൂപ്രണ്ടിന് ടെലിഫോണില്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും പ്രിന്‍സിപ്പാള്‍ തൃപ്തികരമായി വിശദീകരണം നല്‍കിയില്ലെന്ന് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ലൈലാ ദാസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com