ജിഎസ്ടി: വ്യാപാരമേഖലയിലെ കൊള്ളയ്‌ക്കെതിരെ തോമസ് ഐസക് കേന്ദ്രത്തിന് കത്തയച്ചു

ജിഎസ്ടി വന്നപ്പോള്‍ മഹാഭൂരിപക്ഷം ഉല്‍പന്നങ്ങളുടെയും നികുതി നിരക്കു കുറഞ്ഞെങ്കിലും  ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കുന്നില്ല - പഴയ നികുതി അടക്കമുള്ള വിലകളിന്‍മേല്‍ അധിക ജിഎസ്ടി ഈടാക്കി ലാഭം കൊയ്യുകയാണ്‌
ജിഎസ്ടി: വ്യാപാരമേഖലയിലെ കൊള്ളയ്‌ക്കെതിരെ തോമസ് ഐസക് കേന്ദ്രത്തിന് കത്തയച്ചു

കൊച്ചി: ജിഎസ്ടിയുടെ പേരില്‍ വ്യാപാരമേഖലയില്‍ നടക്കുന്ന കൊള്ളയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് കേന്ദ്രത്തിന് കത്തയച്ചു. ജിഎസ്ടി നടപ്പിലായതിനെത്തുടര്‍ന്ന് വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന അമിതലാഭ പ്രവണതയെ ചെറുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് കത്തയച്ചത്. ജിഎസ്ടി വന്നപ്പോള്‍ മഹാഭൂരിപക്ഷം ഉല്‍പന്നങ്ങളുടെയും നികുതി നിരക്കു കുറഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കുന്നില്ല. പഴയ നികുതി അടക്കമുള്ള വിലകളിന്‍മേല്‍ അധിക ജിഎസ്ടി ഈടാക്കി ലാഭം കൊയ്യുകയാണ് വ്യാപാരികളില്‍ പലരും. ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കുകയാണ്.

അമിതലാഭ പ്രവണതകള്‍ക്കെതിരായിട്ടുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും ജി.എസ്.ടി.ക്ക് മുമ്പും പിന്നീടും വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി ഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ വീണ്ടും പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു മാട്രിക്‌സ് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ആവര്‍ത്തിക്കുന്നു.
ജി.എസ്.ടി നിയമത്തിലെ അമിതലാഭ വിരുദ്ധ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിക്കേണ്ട ദേശീയതലത്തിലുള്ള ആന്റി പ്രോഫിറ്ററിംഗ് അഥോറിറ്റിയും സംസ്ഥാനതലത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റികളും അടിയന്തിരമായി രൂപീകരിക്കുകയും വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com