എനിക്ക് സ്‌കോര്‍ട്‌ലന്‍ഡില്‍ പരിശീലനം ലഭിച്ചിട്ടില്ല: പിടി തോമസിന് കനത്ത മറുപടിയുമായി പി രാജീവ്

നടി ആക്രമിക്കപ്പെട്ടയുടനെ അവിടെ ഓടിയെത്താന്‍ തനിയ്ക്ക് പിടി തോമസിനെ പോലെ സ്‌കോട്ട്‌ലന്‍ഡിലൊന്നും പരിശീലനം ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്.
എനിക്ക് സ്‌കോര്‍ട്‌ലന്‍ഡില്‍ പരിശീലനം ലഭിച്ചിട്ടില്ല: പിടി തോമസിന് കനത്ത മറുപടിയുമായി പി രാജീവ്

കൊച്ചി: നടി ആക്രമിക്കപ്പെട്ടയുടനെ അവിടെ ഓടിയെത്താന്‍ തനിയ്ക്ക് പിടി തോമസിനെ പോലെ സ്‌കോട്ട്‌ലന്‍ഡിലൊന്നും പരിശീലനം ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്. കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസിനുള്ള മറുപടിയായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട ഉടനെ അറിയിച്ചിട്ടും രാജീവ് മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയതെന്ന് പിടി തോമസ് ആരോപിച്ചിരുന്നു. 

എന്നാല്‍ സംഭവം അറിഞ്ഞയുടന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നു. കിട്ടിയ വിവരമനുസരിച്ച് തൃശൂര്‍ ഐജി അജിത് കുമാറിനെ വിളിച്ചു. അവിടെ അല്ല സംഭവമെന്ന് അറിഞ്ഞപ്പോള്‍ ആലുവ റൂറല്‍ എസ്പിയെയും കമ്മീഷണറെയും വിളിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും വിളിച്ചിരുന്നു. അറിഞ്ഞയുടനെ അവിടെ എത്തുക എന്നതല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് പ്രധാനം. അവിടെ പോയി അന്വേഷണം നടത്താന്‍ പി.ടി. തോമസിനെ പോലെ നമുക്ക് സ്‌കോട്ട്‌ലന്‍ഡിലെ പരിശീലനമൊന്നും ലഭിച്ചിട്ടില്ലല്ലോ എന്നിങ്ങനെയാണ് പി രാജീവിന്റെ പരിഹാസത്തിലുള്ള മറുപടി.

പി.ടി. തോമസ് സ്ഥലത്ത് എത്തും മുമ്പ് തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ലാലിന്റെ വീട്ടില്‍ എത്തിയിരുന്നെന്നും രാജീവ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട വിവരം ലാല്‍ രണ്‍ജി പണിക്കരെ വിളിച്ചു പറഞ്ഞെന്നും രണ്‍ജി പണിക്കര്‍ വിളിച്ചപ്പോള്‍ പി. രാജീവ് സിനിമ കണ്ടിരിക്കുകയാണെന്ന് പറഞ്ഞെന്നും പിടി തോമസ് ആരോപിച്ചിരുന്നു. സംഭവം നടക്കില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമ കാണില്ലെന്നായിരുന്നു പി രാജീവ് ഇതിനോട് പ്രതികരിച്ചത്. ഇതിനു ശേഷം ഒരു മണിയോടെ താന്‍ സംഭവസ്ഥലത്ത് എത്തിയെന്നും അപ്പോള്‍ പി.ടി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഇല്ലായിരുന്നെന്നും പി രാജീവ് അവകാശപ്പെട്ടു.

പിടി തോമസിനെയും ചോദ്യം ചെയ്യേണ്ടതാണ്. ആന്റോയെക്കൊണ്ട് പള്‍സര്‍ സുനിയെ വിളിപ്പിക്കുന്നത് പിടി തോമസാണ്. അത്തരം 
കാര്യങ്ങള്‍ പോലീസാണ് പരിശോധിക്കേണ്ടത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ എല്ലാവര്‍ക്കും തൃപ്തിയാണുള്ളത്. പി.ടി. തോമസ് സ്വന്തം കണ്ടെത്തലുകളാണ് പറയുന്നത്. സിബിഐ അന്വേഷണത്തേക്കാള്‍ പിടിയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാകും നല്ലതെന്നും പി രാജീവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com