നടിയെ ആക്രമിച്ചത് വിവാഹം മുടക്കാന്‍ മാത്രമോ? പുതിയ വാദം ഗൂഢാലോചന നടത്തിയവര്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കുമോ?

വിവാഹം മുടക്കുന്നതു കൊണ്ട് ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് എന്തു മെച്ചം എന്നതില്‍ പൊലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല
നടിയെ ആക്രമിച്ചത് വിവാഹം മുടക്കാന്‍ മാത്രമോ? പുതിയ വാദം ഗൂഢാലോചന നടത്തിയവര്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കുമോ?

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാന്‍ എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഗൂഢാലോചന നടത്തിയവര്‍ കേസില്‍നിന്ന് രക്ഷപെടുമെന്ന സംശയം ശക്തമായി. വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും അതിനെ ബ്ലാക് മെയില്‍ ചെയ്യാനുള്ള അവസരമായി ഉപയോഗിച്ചത് പ്രതി സുനില്‍ കുമാര്‍ സ്വന്ത ഇഷ്ടപ്രകാരമാണെന്നും അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

അന്യഭാഷാ നിര്‍മാതാവുമായി ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം  ഉടന്‍ ഉണ്ടാവുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഢാലോചന നടത്തിയവര്‍ പ്രതി സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ കരുതുന്നത്. പ്രതിശ്രുത വരന്‍ അണിയിച്ച മോതിരത്തിന്റെ ദൃശ്യങ്ങള്‍ ക്ലിപ്പില്‍ വേണമെന്നും നടിയുടെ ചിരിക്കുന്ന മുഖം വേണമെന്നും ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദേശമുണ്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍. നടി നല്‍കിയ മൊഴിയില്‍ തന്നെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിശ്രുത വരനെ വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യം ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് ഉണ്ടായിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇത്തരത്തിലാണ് ഗൂഢാലോചനയുടെ കുറ്റപത്രം തയാറാക്കുന്നതെങ്കില്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ ലൈംഗിക ആക്രമണ കേസിന്റെ ശിക്ഷയില്‍നിന്നു രക്ഷപെടും എന്നാണ് സംശയം ഉയരുന്നത്. വിവാഹം മുടക്കുന്നതു കൊണ്ട് ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് എന്തു മെച്ചം എന്നതില്‍ പൊലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. നടിയും ആരോപണ വിധേയരുടെ കുടുംബ പ്രശ്‌നങ്ങള്‍ ഇടപെട്ടു എന്നത് ഇത്തരമൊരു കൃത്യത്തിലേക്ക് എത്തുന്നതിനു കാരണമായി എന്നു തെളിയിക്കുന്ന വസ്തുതകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല.

വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെ നല്‍കിയ ക്വട്ടേഷന്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വച്ച് നടിയെ ബ്ലാക്ക് മെയില്‍ ചെയ്യുക എന്ന നിലയിലേക്കു മാറ്റിയത് പ്രതി സുനില്‍ കുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണെന്ന നിഗമനത്തിലേക്ക് പൊലീസ് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ ഗൂഢാലോചന നടത്തിയവര്‍ രക്ഷപെടുകയും സുനില്‍ കുമാര്‍ മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിയാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിയമ രംഗത്തുളളവര്‍ പറയുന്നു. ഗൂഢാലോചന സ്ഥാപിക്കുന്നതിന് ഏതാനും ഫോണ്‍ സംഭാഷണങ്ങളും ഒരു മൊഴിയും മാത്രമാണ് ഇതുവരെ പുറത്തുവന്ന വിവരം അനുസരിച്ച് പൊലീസിന്റെ പക്കലുള്ളു. ഇത് ദുര്‍ബലമായ തെളിവുകള്‍ മാത്രമേ ആവുന്നുള്ളൂ. അതുകൊണ്ടു തന്നെയാവാം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കാത്തതെന്നും നിയമ രംഗത്തുളളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആരോപണ വിധേയരും നടിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും അതിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണത്തിലേക്കു നയിച്ചതെന്നും നേരത്തെ സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഈ സാധ്യത തള്ളിയിട്ടില്ലെന്നും ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധന തുടരുകയാണെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com