ലൈംഗിക പീഡനം: ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് വിമന്‍ കളക്ടിവ്, പുതുമുഖങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയാവുന്നു

പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു
ലൈംഗിക പീഡനം: ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് വിമന്‍ കളക്ടിവ്, പുതുമുഖങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയാവുന്നു


കൊച്ചി: ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് വിമെന്‍ ഇന്‍ സിനിമ കളക്ടിവ്. വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കുന്നതാണ് ഇന്നസെന്റിന്റെ പ്രസ്താവന. ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നുണ്ടെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. 

തങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മിഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. 

നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണെന്ന് ഡബ്ല്യുസിസി പറഞ്ഞു.

വിമെന്‍ ഇന്‍ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് നന്ദി അറിയിക്കുന്നതായും വനിതാ കൂട്ടായ്മ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com